ഇന്ത്യന്‍ വനിതകള്‍ വീണു; ആശ്വാസ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

ഓപ്പണര്‍ ഷമിമ സുല്‍ത്താനയുടെ മികച്ച ബാറ്റിങ് ബംഗ്ലാദേശിനു കരുത്തായി. താരം 42 റണ്‍സെടുത്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മിര്‍പുര്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ നാല് വിക്കറ്റിനു വിജയം സ്വന്തമാക്കി ബംഗ്ലാദേശ് വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് മാത്രമാണ് നേടിയത്. 

മറുപടി ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് വനിതകള്‍ 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. 2-1നാണ് ഇന്ത്യയുടെ പരമ്പര നേട്ടം. 

ഓപ്പണര്‍ ഷമിമ സുല്‍ത്താനയുടെ മികച്ച ബാറ്റിങ് ബംഗ്ലാദേശിനു കരുത്തായി. താരം 42 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തിലെ പോലെ കൂട്ടത്തകര്‍ച്ച നേരിടേണ്ടി വരുമോ എന്നു ഒരു ഘട്ടത്തില്‍ പ്രതീതി ജനിപ്പിച്ചെങ്കിലും ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഇറങ്ങിയ റിതു മോനി- നഹിദ അക്തര്‍ സഖ്യം പുറത്താകാതെ നിന്നു ടീമിനെ വിജയത്തിലെത്തിച്ചു. റിതു ഏഴ് റണ്‍സും നഹിദ പത്ത് റണ്‍സും കണ്ടെത്തി. 

ഇന്ത്യക്കായി മലയാളി താരം മിന്നു മണി, ദേവിക വൈദ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജെമിമ റോഡ്രിഗസ് ഒരു വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീം സ്‌കോര്‍ 91 റണ്‍സിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ പുറത്തായി. താരമാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 40 റണ്‍സാണ് ഹര്‍മന്‍ നേടിയത്. 

ക്യാപ്റ്റന്‍ പുറത്തായ ശേഷം 11 റണ്‍സ് മാത്രമാണ് ശേഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ബോര്‍ഡില്‍ ചേര്‍ത്തത്. വീണത് അഞ്ച് വിക്കറ്റുകളും. 

ജെമിമ റോഡ്രിഗസ് 28 റണ്‍സും ഷെഫാലി വര്‍മ 11 റണ്‍സും യസ്തിക ഭാട്ടിയ 12 റണ്‍സുമെടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല. മിന്നു മണി ഒരു റണ്ണുമായി മടങ്ങി. 

ബംഗ്ലാദേശിനായി റബയ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സുല്‍ത്താന ഖാതൂന്‍ രണ്ട് വിക്കറ്റുകള്‍ നേടി. നഹിദ അക്തര്‍, ഫഹിമ ഖാതുന്‍, ഷോര്‍ന അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com