ഇന്ത്യയുടെ പത്ത് വിക്കറ്റും പോക്കറ്റിലാക്കിയ 'പാക് പേസ് ത്രയം'- റെക്കോര്‍ഡ്, ഏഷ്യാ കപ്പ് ചരിത്രത്തില്‍ ആദ്യം!

പാക് പേസ് ത്രയമായ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ സഖ്യമായിരിക്കും ഇന്ത്യക്ക് വെല്ലുവിളിയാകുകയെന്നായിരുന്നു വിലയിരുത്തല്‍
ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ/ പിടിഐ
ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ/ പിടിഐ

കാന്‍ഡി: ഇന്ത്യയും പാകിസ്ഥാനും നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആവേശം മുഴുവന്‍ മഴയില്‍ ഒലിച്ചു. മത്സരത്തിനു മുന്‍പ് തന്നെ പാകിസ്ഥാന്റെ പേസ് അറ്റാക്കിനെ കുറിച്ചു ക്രിക്കറ്റ് പണ്ഡിതര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം മത്സരത്തിനു മുന്‍പ് അടിവരയിട്ടു വ്യക്തമാക്കുകയും ചെയ്തു. 

പാക് പേസ് ത്രയമായ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ സഖ്യമായിരിക്കും ഇന്ത്യക്ക് വെല്ലുവിളിയാകുകയെന്നായിരുന്നു വിലയിരുത്തല്‍. അത് അക്ഷരം പ്രതി ശരിയാണെന്നും അവര്‍ പ്രകടനം കൊണ്ടു ക്രിക്കറ്റ് ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്തു. 

ഇന്ത്യക്ക് നഷ്ടമായ പത്ത് വിക്കറ്റുകളും പേസ് ത്രയം പോക്കറ്റിലാക്കി. ഒപ്പം ഒരു അനുപമ റെക്കോര്‍ഡ് പാക് പേസ് ത്രയം സ്വന്തമാക്കി. ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്നിങ്‌സിലെ പത്ത് വിക്കറ്റുകളും പേസര്‍മാര്‍ സ്വന്തമാക്കിയെന്ന റെക്കോര്‍ഡ് മൂവരും ചേര്‍ന്നു പല്ലക്കീലില്‍ നേടി. 

ഷഹീന്‍ ഷാ അഫ്രീദി പത്തോവറില്‍ രണ്ട് മെയ്ഡനടക്കം 35 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. നസീം 8.5 ഓവറില്‍ 36 റണ്‍സിനു മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഒന്‍പതോവറില്‍ 58 റണ്‍സ് വഴങ്ങി ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ ഹാരിസും സ്വന്തം പേരിലേക്ക് മാറ്റി. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയാണ് അഫ്രീദി മടക്കിയത്. ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കാണ് ഹാരിസ് റൗഫ് പുറത്തേക്കുള്ള വഴി കാട്ടിയത്. ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരെയാണ് നസീം പുറത്താക്കിയത്. 

ഇന്ത്യയുടെ പുകഴ്‌പെറ്റ ബാറ്റിങ് നിരയെ 50 ഓവര്‍ തികച്ച് ക്രീസില്‍ നില്‍ക്കാന്‍ മൂവര്‍ സംഘം അനുവദിച്ചില്ല. 48.5 ഓവറില്‍ 266 റണ്‍സിനു ഇന്ത്യയുടെ പോരാട്ടത്തിനു അവര്‍ തിരശ്ശീലയിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com