സഞ്ജു വീണ്ടും പൂജ്യത്തിന് പുറത്ത്;  ചെന്നൈക്ക് 176 റണ്‍സ് വിജയലക്ഷ്യം

ഈ ഐപിഎല്‍ സീസണില്‍ ഇത് രണ്ടാം തവണയാണ് സഞ്ജു റണ്‍സ് ഒന്നും എടുക്കാതെ പുറത്തായത്.
സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ/ ട്വിറ്റര്‍
സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ/ ട്വിറ്റര്‍

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈക്ക് വിജയലക്ഷ്യം 176 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. അര്‍ധസെഞ്ചറി നേടിയ ജോസ് ബട്ലറാണ് ഒരിക്കല്‍ക്കൂടി രാജസ്ഥാന്റെ രക്ഷകനായത്. 36 പന്തുകള്‍ നേരിട്ട ബട്‌ലര്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 52 റണ്‍സെടുത്ത് പുറത്തായി. 

തകര്‍പ്പന്‍ തുടക്കമായിരുന്നെങ്കിലും ദേവ് ദത്ത് പടിക്കലും സഞ്ജു സാംസണും പുറത്തായതോടെ രാജസ്ഥാന്‍ അല്‍പ്പമൊന്നും പതറി. ഈ ഐപിഎല്‍ സീസണില്‍ ഇത് രണ്ടാം തവണയാണ് സഞ്ജു റണ്‍സ് ഒന്നും എടുക്കാതെ പുറത്തായത്. ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച ദേവ്ദത്ത് പടിക്കല്‍ (26 പന്തില്‍ 38), രവിചന്ദ്രന്‍ അശ്വിന്‍ (22 പന്തില്‍ 30) എന്നിവരും രാജസ്ഥാനായി തിളങ്ങി. 

സീസണിലെ മൂന്നാം അര്‍ധസെഞ്ചറി കുറിച്ച ബട്‌ലര്‍, ഐപിഎലില്‍ 3000 റണ്‍സ് എന്ന നേട്ടവും പിന്നിട്ടു. രാജസ്ഥാന്‍ നായകന്‍ കൂടിയായ മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്കായി. നേരിട്ട രണ്ടാം പന്തില്‍ രവീന്ദ്ര ജഡേജയാണ് സഞ്ജുവിനെ വീഴ്ത്തിയത്. ഇതോടെ, ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ താരം സഞ്ജുവായി. ആദ്യ ഓവറില്‍ ഇരട്ട ഫോറുകളുമായി മികച്ച തുടക്കമിട്ട ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, 10 റണ്‍സിന് പുറത്തായി. ജെയ്‌സന്‍ ഹോള്‍ഡര്‍ അവസാന ഓവറില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍, ആദം സാംപ ഇന്നിങ്‌സിലെ അവസാന പന്തില്‍ ഒരു റണ്ണുമായി റണ്ണൗട്ടായി.

ചെന്നൈയ്ക്കായി നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനം ശ്രദ്ധേയമായി. ആകാശ് സിങ്ങും രണ്ടു വിക്കറ്റെടുത്തെങ്കിലും നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി. തുഷാര്‍ ദേശ്പാണ്ഡെ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. മൊയീന്‍ അലി രണ്ട് ഓവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
 

.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com