ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇടമില്ല, കാരണം....; അശ്വിന്റെ നിരീക്ഷണം ഇങ്ങനെ
By സമകാലിക മലയാളം ഡെസ്ക് | Published: 08th August 2023 11:16 AM |
Last Updated: 27th September 2023 11:42 AM | A+A A- |

സഞ്ജുവിനെ സ്റ്റംപ് ചെയ്തു പുറത്താക്കുന്നു/ പിടിഐ
ചെന്നൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് സ്ഥാനമില്ലെന്ന് ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍. സഞ്ജു വളരെ കഴിവുള്ള ക്രിക്കറ്ററാണ്. കളിയുടെ ഗതി തന്നെ മാറ്റാന്‍ കഴിവുള്ള താരമാണ്. പക്ഷെ വിശ്രമത്തിലുള്ള വിരാട് കോഹ്‌ലിയും നായകന്‍ രോഹിത് ശര്‍മ്മയും ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് ടീമില്‍ ഇടമുണ്ടാകില്ല. യൂട്യൂബ് വീഡിയോയില്‍ അശ്വിന്‍ പറഞ്ഞു.
വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ മോശം പ്രകടനം തുടരുന്ന സഞ്ജു സാംസണ് തിരിച്ചടിയാണ് അശ്വിന്റെ നിരീക്ഷണം. ടോപ് ഓര്‍ഡറില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്. മധ്യനിരയിലാണ് പിന്നെ സാധ്യതയുള്ളത്. ഓപ്പണര്‍മാരായി രോഹിതും ഗില്ലും കളിക്കും. മൂന്നാം സ്ഥാനത്ത് വിരാട് കോഹ്‌ലിയും ഇറങ്ങും. പിന്നെയുള്ള സ്ഥാനം ബാറ്റിങ്ങില്‍ നാലാമതാണ്.
പരിക്കുമാറി ശ്രേയസ് അയ്യരും കെ എല്‍ രാഹുലും എത്തുന്നതോടെ അവിടെയും ഒഴിവുണ്ടാകില്ല. ഇരുവരും ലോകകപ്പ് ടീമില്‍ ഇടം നേടിയില്ലെങ്കില്‍ മാത്രമാകും ബാറ്റിങ്ങില്‍ നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് മാറ്റു താരങ്ങളെ പരിഗണിക്കുക. ഐപിഎല്ലില്‍ സഞ്ജു കൂടുതലായും ടോപ് ഓര്‍ഡറിലാണ് ബാറ്റു ചെയ്യാന്‍ ഇറങ്ങിയിട്ടുള്ളത്. മിഡില്‍ ഓര്‍ഡറിലേക്ക് മികവ് തെളിയിച്ച് തിലക് വര്‍മയെപ്പോലുള്ള യുവതാരങ്ങളും പ്രതീക്ഷയോടെ നില്‍പ്പുണ്ട്.
കെ എല്‍ രാഹുല്‍ പരിക്കുമാറി ടീമിലെത്തിയാല്‍, പിന്നെ ഒരു ബാക്കപ്പ് കീപ്പറെ മാത്രമാകും ടീമില്‍ ഉള്‍പ്പെടുത്തുക. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇറങ്ങി സഞ്ജു അര്‍ധ സെഞ്ച്വറി നേടിയിരുന്നു. സഞ്ജുവിനെയും ടീം ഇന്ത്യയെയും സംബന്ധിച്ച് അത് സന്തോഷവാര്‍ത്തയാണ്. എങ്കിലും ടോപ് നാലില്‍ സഞ്ജുവിന് ഇടമുണ്ടാകില്ല. ലോകകപ്പിന് ശേഷമോ ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷമോ സഞ്ജുവിന് ഇടംകിട്ടുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും. അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
റെക്കോര്‍ഡിലേക്ക് സെഞ്ച്വറിയടിച്ച് ബാബര്‍; ടി20യില്‍ അപൂര്‍വം, ഗെയ്‌ലിനു ശേഷം ആദ്യം!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ