നാടിന്റെ അഭിമാനം; പ്ര​ഗ്നാനന്ദയ്‌ക്ക് ​ഗംഭീര സ്വീകരണമൊരുക്കി സർക്കാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2023 01:32 PM  |  

Last Updated: 30th August 2023 01:32 PM  |   A+A-   |  

Screenshot_2023-08-30_124840

പ്ര​ഗ്നാനന്ദ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ/ എഎൻഐ

 

ചെന്നൈ: ഫിഡെ ചെസ് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ പ്ര​ഗ്നാനന്ദയ്‌ക്ക് നാടിന്റെ ആവേശോജ്വലമായ വരവേൽപ്പ്. കരകാട്ടം തുടങ്ങി വിവിധ കലാപരിപാടികൾ വിമാനത്താവളത്തിന് പുറത്ത് അരങ്ങേറി. സംസ്ഥാന കായിക വകുപ്പ് പ്രതിനിധികളാണ് വിമാനത്താവളത്തിൽ പ്ര​ഗ്നാനന്ദയെ  സ്വീകരിച്ചത്. പൂക്കൾ വർഷിച്ചും പൊന്നാടയണിയിച്ചും പ്രഗ്നാനന്ദയെ ആരാധകർ എതിരേറ്റു. വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ. 

ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയില്‍ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെയാണ് പ്രഗ്നാനന്ദ കീഴടക്കിയത്. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാ​ഗ്നസ് കാൾസനെ വിറപ്പിച്ച് കീഴടങ്ങുകയായിരുന്നു. 

2023ലെ ഫിഡെ ലോകകപ്പിൽ വെള്ളി മെഡൽ നേടാൻ കഴിഞ്ഞതും 2024ലെ കാൻഡിഡേറ്റ്സ് പോരാട്ടത്തിലേക്ക് യോ​ഗ്യത നേടാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്നും. പ്രാർത്ഥനകൾക്കും പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും പ്ര​ഗ്നാനന്ദ ട്വീറ്റ് ചെയ്‌തിരുന്നു. തനിക്കു ലഭിച്ച വെള്ളി മെഡൽ അമ്മ നാ​ഗലക്ഷ്മി കഴുത്തിൽ അണിഞ്ഞുള്ള ഫോട്ടോയും പ്ര​ഗ പങ്കുവെച്ചിരുന്നു. 

തന്നെ കാണാൻ വിമാനത്താവളത്തിലെത്തിയ ആരാധകരോട് നന്ദി അറിയിച്ചാണ് പ്ര​ഗ്നാനന്ദ് മടങ്ങിയത്. മകന് നൽകിയ അതി​ഗംഭീര വരവേൽപ്പിന് അമ്മ നാ​ഗലക്ഷ്മിയും നന്ദി അറിയിച്ചു. 140 കോടി ജനങ്ങളുടെ സ്വപ്‌നമാണ് പ്ര​ഗ്നാനന്ദയിലൂടെ സാക്ഷത്കരിച്ചതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഗ്നാനന്ദയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. പ്ര​ഗ്നാനന്ദയുടെ സഹോദരി ആർ വൈശാലി രണ്ട് തവണ യൂത്ത് ചെസ് ചാമ്പ്യനാണ്.  ടിഎൻഎസ്‌സി ബാങ്ക് മാനേജറാണ് അച്ഛൻ രമേശ് ബാബു.

ഈ വാർത്ത കൂടി വായിക്കൂ 

തുടങ്ങും മുമ്പേ ബംഗ്ലാദേശിന് തിരിച്ചടി; സൂപ്പര്‍ താരം ലിട്ടണ്‍ദാസ് ഏഷ്യാകപ്പിനില്ല​ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ