മിന്നലായി ട്രിയോണ്‍ കരുത്ത്; ഇന്ത്യന്‍ വനിതകളെ വീഴ്ത്തി ദക്ഷിണാഫ്രിക്ക; ത്രിരാഷ്ട്ര പരമ്പര സ്വന്തം

ദക്ഷിണാഫ്രിക്ക രണ്ടോവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു
ക്ലോ ട്രിയോണ്‍/ ട്വിറ്റർ
ക്ലോ ട്രിയോണ്‍/ ട്വിറ്റർ

ഈസ്റ്റ് ലണ്ടന്‍: ഇന്ത്യന്‍ വനിതകളെ വീഴ്ത്തി ത്രിരാഷ്ട്ര ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഇന്ത്യ ഉയര്‍ത്തിയ താരതമ്യേന ചെറിയ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്ക രണ്ടോവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. അഞ്ച് വിക്കറ്റിനാണ് അവർ വിജയം കുറിച്ചത്.

വിജയത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക പരുങ്ങിയെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന ക്ലോ ട്രിയോണിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഏറെക്കുറെ ഒറ്റയ്ക്ക് തന്നെ താരം ടീമിനെ തോളിലേറ്റി. അര്‍ധ സെഞ്ച്വറിയുമായി ട്രിയോണ്‍ പുറത്താകാതെ നിന്നു. താരം 32 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും ആറ് ഫോറും സഹിതം 57 റണ്‍സെടുത്തു.

നദിനെ ഡി ക്ലാര്‍ക്ക് 17 പന്തില്‍ 17 റണ്‍സുമായി ട്രിയോണിന് മികച്ച പിന്തുണ നല്‍കിയതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ അവര്‍ വിജയം തൊട്ടു. ക്യാപ്റ്റന്‍ സുനെ ലൂസാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. താരം 12 റണ്‍സെടുത്തു. 

ഇന്ത്യക്കായി സ്‌നേഹ് റാണ രണ്ട് വിക്കറ്റുകള്‍ നേടി. ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്‌വാദ്, രേണുക സിങ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 56 പന്തില്‍ നാല് ഫോറുകള്‍ സഹിതം 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 22 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 21 റണ്‍സ് കണ്ടെത്തി. 14 പന്തില്‍ 16 റണ്‍സുമായി ദീപ്തി ശര്‍മ പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ ദീപ്തിക്കൊപ്പം പൂജ വസ്ത്രാകര്‍ ഒരു റണ്ണുമായി ക്രീസില്‍. 

ഓപ്പണര്‍ സ്മൃതി മന്ധാന പൂജ്യത്തിന് മടങ്ങി. സഹ ഓപ്പണര്‍ ജമിമ റോഡ്രിഗസ് 11 റണ്‍സുമായി പുറത്തായി. 

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ഇന്ത്യ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. നോന്‍കുലുലേകോ മ്ലാബ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. അയബോംഗ ഖക, സുനെ ലുസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com