അസാധ്യ തിരിച്ചുവരവ്, ഒരു റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ന്യൂസിലന്‍ഡ്; ചരിത്രവിജയം

തോല്‍ക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ ടെസ്റ്റ് മത്സരത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ ന്യൂസിലന്‍ഡിന് ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ന്യൂസിലന്‍ഡിന്റെ ആഹ്ലാദപ്രകടനം, image credit: ICC
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ന്യൂസിലന്‍ഡിന്റെ ആഹ്ലാദപ്രകടനം, image credit: ICC

വെല്ലിംഗ്ടണ്‍: തോല്‍ക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ ടെസ്റ്റ് മത്സരത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ ന്യൂസിലന്‍ഡിന് ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം. ആദ്യ ഇന്നിംഗ്‌സില്‍ ഫോളോഓണ്‍ വഴങ്ങിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ ഒരു റണ്‍സിനാണ് തോല്‍പ്പിച്ചത്. ഫോളോ ഓണ്‍ വഴങ്ങി ഗംഭീര തിരിച്ചുവരവ് നടത്തി വിജയിക്കുന്ന മൂന്നാമത്തെ രാജ്യമായി ന്യൂസിലന്‍ഡ് മാറി. നേരത്തെ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഇത്തരത്തില്‍ വിജയിച്ചത്. 2001ല്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഒന്നിന് 48 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 256 റണ്‍സിന് പുറത്തായി. 258 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ജയത്തിന് രണ്ടു റണ്‍സ് അകലെയാണ് പൊരുതിവീണത്. ടീം സൗത്തിയും നീല്‍ വാഗ്നറുമാണ് ഇംഗ്ലണ്ടിന്റെ ജയപ്രതീക്ഷ കെടുത്തിയത്. നീല്‍ വാഗ്നര്‍ നാലുവിക്കറ്റ് നേടിയപ്പോള്‍ ടീം സൗത്തി മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. മാറ്റ് ഹെന്റി രണ്ടുവിക്കറ്റ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് മാത്രമാണ് പിടിച്ചുനിന്നത്. അഞ്ചുറണ്‍സ് അകലെ വച്ച് ജോ റൂട്ടിന് സെഞ്ച്വറി നഷ്ടമായി. 

ആദ്യ ഇന്നിംഗ്സില്‍ ഫോളോഓണ്‍ വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ 483 റണ്‍സാണ് നേടിയത്. കെയ്ന്‍ വില്ല്യംസന്റെ (132) സെഞ്ചുറിയാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജാക്ക് ലീച്ച് അഞ്ച് വിക്കറ്റ് നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ എട്ടിന് 435 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിംഗില്‍ കിവീസ് 209ന് പുറത്തായി.

രണ്ടാം ഇന്നിംഗ്സില്‍ വില്ല്യംസന് പുറമെ ന്യൂസിലന്‍ഡിന് വേണ്ടി ടോം ബ്ലണ്ടല്‍ (90), ടോം ലാഥം (83), ഡെവോണ്‍ കോണ്‍വെ (61), ഡാരില്‍ മിച്ചല്‍ (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടെസ്റ്റ് കരിയറിലെ 26-ാം സെഞ്ചുറിയാണ് വില്ല്യംസന്‍ പൂര്‍ത്തിയാക്കിയത്. ഒന്നാം ഇന്നിംഗ്സില്‍ ഹാരി ബ്രൂക്ക് (186), ജോ റൂട്ട് (153) എന്നിവരാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com