രാഹുലോ, ​ഗില്ലോ? കഴിവുള്ളവർക്ക് ആവശ്യത്തിന് അവസരമെന്ന് രോഹിത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 08:39 PM  |  

Last Updated: 28th February 2023 08:39 PM  |   A+A-   |  

rahul

ശുഭ്മാൻ ​ഗില്ലും രാഹുലും ബാറ്റിങ് പരിശീലനത്തിൽ/ പിടിഐ

 

ഇൻഡോർ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ഇൻഡോറിൽ തുടങ്ങാനിരിക്കെ മുൻ താരങ്ങളടക്കമുള്ളവർ കെൽ രാഹുലിനെ ഒഴിവാക്കണമെന്ന അഭിപ്രായവുമായി രം​ഗത്തുണ്ട്. ‌ആദ്യ രണ്ട് ടെസ്റ്റിന്റെ നാല് ഇന്നിങ്സിലും രാഹുൽ അമ്പേ പരാജയപ്പെട്ടിരുന്നു. എന്നാൽ രാഹുലിന് പൂർണ പിന്തുണയാണ് ക്യാപ്റ്റൻ രോഹിത് ശർമ നൽകുന്നത്.  

രാഹുലിനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതുകൊണ്ടു മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് രോഹിത് പറയുന്നു. കഴിവുള്ള താരങ്ങൾക്ക് ആവശ്യത്തിന് അവസരം നൽകുമെന്നും രോഹിത് വ്യക്തമാക്കി. മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് രോഹിത് രാഹുലിനെ പിന്തുണച്ചത്.

'താരങ്ങൾ ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെ കടന്നു പോകും. കഴിവുള്ളവർക്ക് മികവിലെത്താൻ ആവശ്യത്തിന് സമയം അനുവദിക്കും. അത് വൈസ് ക്യാപ്റ്റൻ ആണോ അല്ലയോ എന്നൊന്നും നോക്കിയല്ല. രാഹുൽ ടീമിലെ മുതിർന്ന താരമാണ്. വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയത് പ്രത്യേകിച്ച് ഒരു കാര്യവും ഉദ്ദേശിച്ചിട്ടല്ല.' 

'രാഹുലും ​ഗില്ലും എല്ലാ മത്സരങ്ങൾക്ക് മുൻപ് മണിക്കൂറുകളോളം നെറ്റ്സിൽ പ്രാക്ടീസ് ചെയ്യാറുണ്ട്. അന്തിമ ഇലവൻ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. മൂന്നാം ടെസ്റ്റിൽ ആരൊക്കെ ഉണ്ടാകണമെന്ന് ടോസിന് തൊട്ടുമുൻപ് മാത്രമായിരിക്കും പ്രഖ്യാപിക്കുക'- രോഹിത് വ്യക്തമാക്കി. 

രാഹുലിന് പകരം ശുഭ്മാൻ ​ഗില്ലിന് അവസരം നൽകണമെന്നാണ് മുൻ പരിശീലകൻ രവി ശാസ്ത്രി, മുൻ താരം ആകാശ് ചോപ്ര അടക്കമുള്ളവർ ആവശ്യപ്പെടുന്നത്. രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടതിന് പിന്നാലെയാണ് രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നു ഒഴിവാക്കിയത്. മൂന്നും നാലും ടെസ്റ്റുകൾക്കുള്ള ടീമിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് ഒരു താരത്തെയും നിയോ​ഗിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചരിത്രം തിരുത്തി വീണ്ടും ജോക്കോവിച്; സ്റ്റെഫി ​ഗ്രാഫിനേയും പിന്തള്ളി റെക്കോർഡ് നേട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌