'എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ?; ഒറ്റയ്ക്കിരുന്ന് കരഞ്ഞു'; വാഗ്ദാനം ലഭിച്ചിരുന്നെന്ന് സര്‍ഫറാസ് ഖാന്‍

'ഇതുവരെ അവസരം കിട്ടാത്തതില്‍ നിരാശ വേണ്ട. മികച്ചത് സംഭവിക്കുക തന്നെ ചെയ്യും'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ആഭ്യന്തര മത്സരങ്ങളില്‍ മികച്ച ഫോമില്‍ കളിക്കുന്ന സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനിടെ പുതിയ വെളിപ്പെടുത്തലുമായി താരം രംഗത്തെത്തി. കഴിഞ്ഞ രഞ്ജി ട്രോഫി ഫൈനലിനിടെ, ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമെന്ന് സെലക്ടര്‍മാര്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് സര്‍ഫറാസ് പറഞ്ഞു. 

ബംഗലൂരുവില്‍ നടന്ന രഞ്ജി ഫൈനലില്‍ താന്‍ സെഞ്ച്വറി നേടിയിരുന്നു. അതിനു ശേഷം ചീഫ് സെലക്ടര്‍ ചേതന്‍ശര്‍മ്മയെ കണ്ടപ്പോള്‍, ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലേക്ക് വിളിയെത്തുമെന്നാണ് അദ്ദേഹം വാഗ്ദാനം നല്‍കിയത്. 'നീ ഇന്ത്യന്‍ ടീമിനരികിലുണ്ട്. ഇതുവരെ അവസരം കിട്ടാത്തതില്‍ നിരാശ വേണ്ട. മികച്ചത് സംഭവിക്കുക തന്നെ ചെയ്യും. നിനക്ക് അവസരം കിട്ടുമെന്നും' ചേതന്‍ ശര്‍മ്മ പറഞ്ഞു. 

എന്നാല്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് ടീമില്‍ സ്ഥാനമില്ല.  'ഇത് വളരെ സങ്കടമുണ്ടാക്കി. എന്റെ സ്ഥാനത്ത് ലോകത്ത് വേറെയാരാണെങ്കിലും സങ്കടമുണ്ടാകും. കാരണം ഇന്ത്യന്‍ ടീമിലേക്കുള്ള വിളി ഞാന്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് ആലോചിച്ചു. ഒറ്റയ്ക്കിരുന്ന് കരഞ്ഞു'. സര്‍ഫറാസ് ഖാന്‍ പറഞ്ഞു. 

കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ 32 കാരനായ സര്‍ഫറാസ് ഖാന്‍, 122.75 ശരാശരിയില്‍ 982 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇതില്‍ നാലു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 275 റണ്‍സ്. ഈ വര്‍ഷത്തെ രഞ്ജി സീസണിലും സര്‍ഫറാസ് മിന്നും ഫോം തുടരുകയാണ്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അടക്കം 431 റണ്‍സാണ് സര്‍ഫറാസ് ഇതുവരെ സ്‌കോര്‍ ചെയ്തത്. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സര്‍ഫറാസ് ഖാന്റെ ആവറേജ് 80.47 ആണ്. ബാറ്റിങ്ങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ (95.14) മാത്രമാണ് സര്‍ഫറാസിന് മുന്നിലുള്ളത്. രഞ്ജിയില്‍ തുടരെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ഇത്തവണയും സര്‍ഫറാസിനെ സെലക്ടര്‍മാര്‍ തഴഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ട്വന്റി-20 സ്‌പെഷലിസ്റ്റ് സൂര്യകുമാര്‍ യാദവിനെയാണ് സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com