രണ്ടാം ഏകദിനം ഇന്ന്; റായ്പൂരില്‍ റണ്‍മഴ കാത്ത് ആരാധകര്‍; ജയിച്ചാല്‍ പരമ്പര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2023 07:58 AM  |  

Last Updated: 21st January 2023 07:58 AM  |   A+A-   |  

india

ഫയല്‍ ചിത്രം

 

റായ്പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഇന്ന് റായ്പൂരില്‍ നടക്കും. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. ആദ്യരാജ്യാന്തരമത്സരത്തിന് വേദിയാകുന്ന റായ്പൂരിലെ സ്റ്റേഡിയത്തില്‍ ഗാലറി നിറയുമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകര്‍

ഹൈദരാബാദില്‍ നേടിയ 12 റണ്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ബാറ്റര്‍മാരുടെ ചിറകിലാണ് കുതിപ്പ്. ബൗളിങ്ങില്‍ പക്ഷേ ആ മേന്മ പറയാനില്ല. ആദ്യകളിയില്‍ 350 റണ്‍ ലക്ഷ്യത്തിലേക്ക് അവസാനഘട്ടംവരെ ന്യൂസിലന്‍ഡ് പൊരുതിയിരുന്നു. ബ്രേസ്‌വെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിനുമുന്നിലാണ് ബൗളര്‍മാര്‍ പതറിയത്.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവരുടെ പ്രകടനങ്ങളാണ് ഈ ജയങ്ങള്‍ക്കെല്ലാം ആധാരം. കിവീസുമായുള്ള ആദ്യകളിയില്‍ ഇരട്ടസെഞ്ചുറി നേടിയ ഗില്‍ ഏകദിനശൈലിക്ക് യോജിച്ച കളിക്കാരനാണ്. മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വലിയ സ്‌കോര്‍ നേടാനാകുന്നില്ല.

ലങ്കയ്‌ക്കെതിരെ രണ്ട് സെഞ്ചുറികള്‍ കുറിച്ച കോഹ്‌ലി കിവീസിനെതിരെ ആദ്യ മത്സരത്തില്‍ തിളങ്ങിയില്ല. ശ്രേയസ് അയ്യരുടെയും ലോകേഷ് രാഹുലിന്റെയും അഭാവത്തില്‍ നാല്, അഞ്ച് സ്ഥാനത്ത് മികച്ച അവസരമാണ് ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും കിട്ടിയിരിക്കുന്നത്. ഇരുവര്‍ക്കും ആദ്യകളിയില്‍ അത് നല്ല രീതിയില്‍ ഉപയോഗിക്കാനായില്ല. ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ് ഒഴികെ മറ്റൊരാളും സ്ഥിരത കാട്ടുന്നില്ല. മുഹമ്മദ് ഷമിയും ഓള്‍ റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദൂല്‍ ഠാക്കൂറും ധാരാളം റണ്‍ വഴങ്ങി. സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവ് മികവുകാട്ടുന്നു. വാഷിങ്ടണ്‍ സുന്ദറിന് വീണ്ടും അവസരം കിട്ടിയേക്കാം.

ഈ വാർത്ത കൂടി വായിക്കൂ 

ലൈം​ഗികാതിക്രമം; ബ്രസീൽ താരം ഡാനി ആൽവസ് സ്പെയിനിൽ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ