'ഓണ്‍ലൈന്‍ കോച്ചോ!... മനസിലായില്ല'- പാക് ക്രിക്കറ്റിനെ ട്രോളി ഷാഹിദ് അഫ്രീദി
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2023 01:13 PM |
Last Updated: 31st January 2023 01:13 PM | A+A A- |

ഫയൽ ചിത്രം
കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുന്‍ കോച്ച് മിക്കി ആര്‍തര്‍ എത്തുമെന്ന് സൂചനകള്‍ ശക്തമാണ്. എന്നാല്‍ പരിശീലക സ്ഥാനമല്ല ടീം ഡയറക്ടര്‍ സ്ഥാനമാണ് അദ്ദേഹം തിരഞ്ഞെടുക്കുക എന്നും സൂചനകളുണ്ട്. ഒപ്പം 'ഓണ്‍ലൈന്‍ കോച്ച്' എന്നൊരു ജോലിയും അദ്ദേഹത്തിന് പാകിസ്ഥാന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തിലെ ആദ്യ 'ഓണ്‍ലൈന്‍ കോച്ച്' എന്ന പെരുമ ഇനി മിക്കിക്ക് സ്വന്തമാകുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഖ്‌ലൈന്‍ മുഷ്താഖ് മുഖ്യ പരിശീലക സ്ഥാനം ഒഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി കിരീടം സമ്മാനിച്ച മിക്കി ആർതറെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. അതേസമയം മിക്കി ആര്‍തര്‍ നിലവില്‍ ഇംഗ്ലീഷ് കൗണ്ടി ക്ലബ് ഡെര്‍ബിഷെയറിന്റെ ക്രിക്കറ്റ് തലവനായി പ്രവര്‍ത്തിക്കുകയാണ്. ക്ലബുമായി അദ്ദേഹത്തിന് ദീർഘകാല കരാറുണ്ട്. ഇക്കാരണത്താലാണ് അദ്ദേഹം പാക് ടീമിന്റെ ഡയറക്ടര്‍ സ്ഥാനം ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം മിക്കി ആര്‍തറിനെ ഓണ്‍ലൈന്‍ കോച്ചായി പരിഗണിക്കുന്നതായുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി രംഗത്തെത്തി. ഇത് എന്തുതരം പരിശീലനമാണെന്ന് തനിക്ക് മനസിലായില്ലെന്ന് അഫ്രീദി തുറന്നടിച്ചു.
'എനിക്കറിയില്ല ഇത് എന്തുതരം കോച്ചിങാണെന്ന്. എന്താണ് ഇതിന്റെ പദ്ധതികളെന്നും അറിയില്ല. ദേശീയ ടീമിനായി ഒരു വിദേശ പരിശീലകന്റെ ഓണ്‍ലൈന്‍ കോച്ചിങ് എന്നത് മനസിലാക്കാന്‍ സാധിക്കുന്നില്ല.'
'എന്തിനാണ് വിദേശ പരിശീലകന്‍? പാകിസ്ഥാനില്‍ തന്നെ നല്ല പരിശീലകരില്ലേ. പാക് പരിശീലകരുടെ രാഷ്ട്രീയം കൂടി പിസിബി പരിഗണിക്കുമെന്ന് എനിക്കറിയാം. അതെല്ലാം മാറ്റി നിര്‍ത്തിയാണ് കാര്യങ്ങള്‍ കാണേണ്ടത്. അങ്ങനെ വന്നാല്‍ മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിക്കും'- അഫ്രീദി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
100ല്‍ എത്താന്‍ 19.5 ഓവര്‍! 'ഞെട്ടിക്കുന്ന പിച്ച്'- ക്യുറേറ്ററുടെ പണി പോയി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ