തിരിച്ചടിച്ച് വിന്‍ഡീസ്; ഇന്ത്യയെ ആറു വിക്കറ്റിന് തകര്‍ത്തു; പരമ്പരയില്‍ ഒപ്പമെത്തി

By സമകാലികമലയാളം ഡെസ്ക്   |   Published: 30th July 2023 06:48 AM  |  

Last Updated: 30th July 2023 06:48 AM  |   A+A-   |  

west_indies

പിടിഐ ചിത്രം

 

ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആറു വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നായകന്‍ ഷായ് ഹോപ്പും കേസി കാര്‍ത്തിയും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷകരായത്. 

ഹോപ്പ് 63 റണ്‍സും കാര്‍ത്തി 48 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ബ്രെണ്ടന്‍ കിങ്ങും (15) കൈല്‍ മെയേഴ്സും (36) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 53 റണ്‍സെടുത്ത് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഒമ്പതാം ഓവറില്‍ മൂന്നു പന്തുകള്‍ക്കിടെ ശാര്‍ദൂല്‍ ഠാക്കൂര്‍ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി. 

പിന്നാലെ ആറു രണ്‍സെടുത്ത അലിക് അത്തനാസിനെയും ഠാക്കൂര്‍ പുറത്താക്കി. ഷിമ്രോണ്‍ ഹെറ്റ്മെയറെ (9) കുല്‍ദീപ് യാദവും പുറത്താക്കിയതോടെ വിന്‍ഡീസ് തകര്‍ച്ചയെ അഭിമുഖീകരിച്ചു. തുടര്‍ന്നാണ് വിന്‍ഡീസിന്റെ രക്ഷകരായി ഹോപ്പ്- കാര്‍ത്തി സഖ്യം മാറിയത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 91 റണ്‍സെടുത്തു. 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 181 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. ഇഷാന്‍ 55 ഉം, ശുഭാമാന്‍ ഗില്‍ 34 റണ്‍സുമെടുത്ത് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ഇവര്‍ പുറത്തായതിന് പിന്നാലെ എത്തിയ താരങ്ങള്‍ക്കൊന്നും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. ഏറെക്കാലത്തിന് ശേഷം ടീമിലെത്തിയ സഞ്ജു സാംസണ്‍ 19 പന്തില്‍ ഒമ്പതു റണ്‍സെടുത്ത് പുറത്തായി. 

അക്ഷര്‍ പട്ടേല്‍ (1), ഹര്‍ദിക് പാണ്ഡ്യ (7), രവീന്ദ്ര ജഡേജ (10), ശാര്‍ദൂര്‍ ഠാക്കൂര്‍(16), സൂര്യകുമാര്‍ യാദവ് (24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോര്‍. വിന്‍ഡീസിന് വേണ്ടി റൊമേരിയോ ഷെപ്പേര്‍ഡും ഗുഡകേശ് മോട്ടിയും മൂന്നു വിക്കറ്റുകള്‍ വീതം നേടി. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ് ലിക്കും ഇന്ത്യ വിശ്രമം നല്‍കി. പകരം ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബാസ്‌ബോള്‍ 'പെട'യില്‍ വിറച്ച് ഓസ്‌ട്രേലിയ; ലീഡ് 300 കടത്തി ഇംഗ്ലണ്ട് കുതിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ