ആ സമയത്ത് എന്തിന് വെള്ളം നല്‍കി;  നന്നായി പന്തെറിയുന്നതിനിടെ ക്യാപ്റ്റന്‍ എന്തിന് അടുത്തെത്തി?; എല്ലാം ദുരൂഹമെന്ന് ഗാവസ്‌കര്‍

അനുചിതമായ സമയത്ത് മോഹിത്തിന് വെള്ളം നല്‍കിയതും പാണ്ഡ്യ വന്ന് സംസാരിച്ചതും വളരെ ദുരൂഹമാണ്. കാരണം അതിന് ശേഷമാണ് ഗുജറാത്തിന് അനായാസം നേടാമായിരുന്ന കപ്പ് ചെന്നൈ സ്വന്തമാക്കിയത്
ഹാര്‍ദിക്കും ധോനിയും/ ട്വിറ്റര്‍
ഹാര്‍ദിക്കും ധോനിയും/ ട്വിറ്റര്‍

മുംബൈ:  ഐപിഎല്‍ കിരീടം കൈയെത്തും ദൂരത്തുനിന്നാണ് ഗുജറാത്തിന് നഷ്ടമായത്. ഗുജറാത്തിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. മോഹിത് ശര്‍മയുടെ അവസാന രണ്ടുപന്തിലാണ് ചെന്നൈ അവിസ്മരണീയമായ ജയം കൈവരിച്ചത്. അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് പതിമൂന്ന് റണ്‍സായിരന്നു. ആ ഓവറിലെ ആദ്യനാല് പന്തില്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് മോഹിത് നല്‍കിയത്. അവസാന രണ്ട് പന്ത് എറിയുന്നതിന് മുന്‍പ് സബ്സ്റ്റിറ്റിയൂട്ട് താരം വഴി കോച്ച് നെഹ്‌റയും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും മോഹിത്തിനോട് സംസാരിച്ചു. പിന്നീടാണ് കളിയുടെ ഗതിമാറിയതെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.അവസാന രണ്ട് പന്തില്‍ സിക്‌സും ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയിപ്പിച്ചു

ഹാര്‍ദിക്  നടത്തിയ നീക്കത്തിനെതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കറും രംഗത്തെത്തി. 'ആദ്യത്തെ നാല് പന്തുകള്‍ മോഹിത്ത് വളരെ നന്നായി എറിഞ്ഞു. എന്നാല്‍ അതിനുശേഷം മോഹിത്തിന് കുടിക്കാന്‍ വെള്ളം നല്‍കി. തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ വന്നു സംസാരിച്ചു. ബോളര്‍ നല്ല രീതിയില്‍ പന്തെറിയുമ്പോള്‍ സാധാരണ ഗതിയില്‍ ആരും നിര്‍ദേശം നല്‍കാറോ, സംസാരിക്കാറോ ഇല്ല. അകലെ നിന്ന് പ്രോത്സാഹിപ്പിക്കു മാത്രമാണ് ചെയ്യുക. പാണ്ഡ്യ അടുത്തെത്തി സംസാരിച്ചതിനുശേഷം മോഹിത്ത് ചുറ്റും നോക്കാന്‍ തുടങ്ങി. അതുവരെ കൃത്യമായി പന്തെറിഞ്ഞ മോഹിത്തിന് പിന്നീട് റണ്‍സ് വഴങ്ങേണ്ടി വന്നു. അനുചിതമായ സമയത്ത് മോഹിത്തിന് വെള്ളം നല്‍കിയതും പാണ്ഡ്യ വന്ന് സംസാരിച്ചതും വളരെ ദുരൂഹമാണ്. കാരണം അതിന് ശേഷമാണ് ഗുജറാത്തിന് അനായാസം നേടാമായിരുന്ന കപ്പ് ചെന്നൈ സ്വന്തമാക്കിയത്.' - ഗാവസ്‌കര്‍ പറഞ്ഞു.

മോഹിത് ശര്‍മ അഞ്ചാം പന്തെറിയുന്നതിനു മുമ്പായി സബ്സ്റ്റിറ്റിയൂട്ട് താരം വഴി പരിശീലകന്‍ ആശിഷ് നെഹ്‌റ നിര്‍ദേശങ്ങള്‍ നല്‍കിയതാണ് താരത്തിന്റെ അത്മവിശ്വാസം കളഞ്ഞതെന്ന തരത്തില്‍ ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇക്കാര്യം മോഹിത് ശര്‍മ തള്ളിക്കളഞ്ഞു. 'തന്റെ പ്ലാന്‍ എന്തായിരിക്കുമെന്ന് അറിയാന്‍ അവര്‍ ആഗ്രഹിച്ചു. ഞാന്‍ വീണ്ടും യോര്‍ക്കര്‍ എറിയാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞു. ആളുകള്‍ ഇപ്പോള്‍ അതും ഇതും പറയുന്നു. പക്ഷേ അതിലൊന്നും കാര്യമില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാമായിരുന്നു. തോല്‍വി ഏറ്റുവാങ്ങിയ രാത്രി എനിക്ക് അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. മറ്റൊരു ബോള്‍ ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു. എവിടെയോ എന്തോ നഷ്ടമായെങ്കിലും ഞാന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്'- എന്നായിരുന്നു ഇത് സംബന്ധിച്ച് മോഹിത്തിന്റെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com