ഹെഡ്ഡിന് അര്‍ധ സെഞ്ച്വറി; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ലീഡ്

ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡ് അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. മര്‍നസ് ലബുഷെയ്‌നും ക്രീസില്‍
ട്രാവിസ് ഹെഡ്ഡ്/ പിടിഐ
ട്രാവിസ് ഹെഡ്ഡ്/ പിടിഐ

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ലീഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയില്‍. ഓസീസിന് ഇപ്പോള്‍ 31 റണ്‍സ് ലീഡ്.

ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡ് അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. മര്‍നസ് ലബുഷെയ്‌നും ക്രീസില്‍. ഹെഡ്ഡ് 75 റണ്‍സും ലബുഷെയ്ന്‍ 37 റണ്‍സുമായി ബാറ്റ് വീശുന്നു. ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം ലഞ്ചിന് ശേഷം ഹെഡ്ഡ് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. 

അഞ്ചാം ദിനത്തിന്റെ തുടക്കത്തില്‍ രാത്രി കാവല്‍ക്കാരന്‍ മാത്യു കുനെമാനെ ഓസീസിന് നഷ്ടമായി. താരത്തെ ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് മടക്കിയത്. 

ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 480 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി 571 റണ്‍സായിരുന്നു. 91 റണ്‍സ് ലീഡ് വഴങ്ങിയാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. 

നേരത്തെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും അക്ഷര്‍ പട്ടേല്‍ നേടിയ അര്‍ധ ശതകവുമായി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. കോഹ്ലി 364 പന്തുകള്‍ നേരിട്ട് 186 റണ്‍സെടുത്തു. 15 ഫോറുകള്‍ ആ ബാറ്റില്‍ നിന്നു പിറന്നു. നേരത്തെ ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി നേടിയിരുന്നു. ഗില്‍ 128 റണ്‍സെടുത്തു. 

ഇന്ത്യക്കായി മുന്‍നിര ബാറ്റര്‍മാരെല്ലാം തിളങ്ങി. അക്ഷര്‍ പട്ടേല്‍ 79 റണ്‍സെടുത്ത് മടങ്ങി. ശ്രീകര്‍ ഭരത് (44), ചേതേശ്വര്‍ പൂജാര (42), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35), ജഡേജ (28) എന്നിവരും രണ്ടക്കം കടന്നു. വാലറ്റം ക്ഷണത്തില്‍ മടങ്ങി. അശ്വിന്‍ ഏഴ് റണ്‍സിലും ഉമേഷ് യാദവ് റണ്ണൊന്നുമെടുക്കാതെയും മടങ്ങി. മുഹമ്മദ് ഷമി റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു. അക്ഷര്‍ പട്ടേല്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതമാണ് അര്‍ധ ശതകം നേടിയത്. 

കരിയറിലെ 28ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്ലി അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. 241 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ നിര്‍ണായക സെഞ്ച്വറി. മൂന്ന് വര്‍ഷത്തെ ടെസ്റ്റ് സെഞ്ച്വറി വരള്‍ച്ചയ്ക്കാണ് കോഹ്ലി വിരാമമിട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

ശ്രീലങ്ക തോറ്റു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com