മാര്‍ഷിലൂടെ കത്തിക്കയറി തുടക്കം; അതിലും വേഗത്തില്‍ ഒടുക്കം; ഇന്ത്യക്ക് ജയിക്കാന്‍ 189 റണ്‍സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2023 04:51 PM |
Last Updated: 17th March 2023 04:51 PM | A+A A- |

വിക്കറ്റെടുത്ത ഷമിയെ അഭിനന്ദിക്കുന്ന കോഹ്‌ലി/ പിടിഐ
വാംഖഡെ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 189 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 35.4 ഓവറില്‍ 188 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.
മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ടില്‍ കത്തിക്കയറിയ ഓസീസ് ബാറ്റിങ് നിര താരം പുറത്തായതിന് പിന്നാലെ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞി. പിന്നീട് ഒരു കൂട്ടുകെട്ട് പോലും സൃഷ്ടിക്കാന്‍ സാധിക്കാതെ അവര്‍ ആയുധം വച്ച് കീഴടങ്ങി.
പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഓസീസിന് പതനത്തിന് ആക്കം കൂട്ടി. രവീന്ദ്ര ജഡേജ രണ്ടും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീവ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആറോവറിൽ രണ്ട് മെയ്ഡനടക്കം 17 റൺസ് മാത്രം വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.
ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനെ തുടക്കത്തില്‍ മടക്കിയെങ്കിലും സഹ ഓപ്പണറായി എത്തിയ മിച്ചല്‍ മാര്‍ഷ് ഒരറ്റത്ത് വെടിക്കെട്ടിന് തിരികൊളുത്തു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അല്‍പ്പ നേരം താരത്തിന് പിന്തുണ നല്‍കി. എന്നാല്‍ 22 റണ്‍സുമായി സ്മിത്ത് മടങ്ങി.
മൂന്നാം വിക്കറ്റായി മാര്‍ഷ് മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ 19.4 ഓവറില്‍ 129 റണ്‍സ് എന്ന നിലയിലായിരുന്നു. അവസാന ഏഴ് വിക്കറ്റുകള്‍ വെറും 59 റണ്‍സില്‍ നിലം പൊത്തി.
മാര്‍ഷ് 65 പന്തുകള്‍ നേരിട്ട് പത്ത് ഫോറും അഞ്ച് സിക്‌സും സഹിതം 81 റണ്‍സ് വാരിയാണ് മടങ്ങിയത്.
പിന്നീട് മര്‍നസ് ലബുഷെയ്ന്‍ (15), ജോഷ് ഇംഗ്ലസ് (26), കാമറൂണ്‍ ഗ്രീന്‍ (12) എന്നിവരും പിടിച്ചു നില്‍ക്കാന്‍ നേരിയ ശ്രമം നടത്തി. അതിന് ശേഷം വന്ന ഒരാളും രണ്ടക്കം കണ്ടതുമില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് റണ്‍സുമായി പുറത്താകാതെ നിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മുന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ വിരമിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ