'ഈ ഹെല്‍മറ്റ് അനധികൃതം'- ബാറ്റിങിനെത്തിയ സ്മിത്ത് വെട്ടിലായി; പത്ത് മിനിറ്റ് കളി നിര്‍ത്തി! 

ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ക്യാപ്റ്റനായ സസക്‌സിനായാണ് സ്മിത്ത് കളിക്കുന്നത്
പൂജാരയും സ്മിത്തും ബാറ്റിങിനിടെ/ ട്വിറ്റർ
പൂജാരയും സ്മിത്തും ബാറ്റിങിനിടെ/ ട്വിറ്റർ

ലണ്ടന്‍: ക്രിക്കറ്റില്‍ സുരക്ഷയുടെ ഭാഗമായി ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. അതിന് ചില മാനദണ്ഡങ്ങളുമുണ്ട്. നെക്ക് ഗാര്‍ഡുള്ള ഹെല്‍മറ്റ് തന്നെ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ ബാറ്റര്‍മാര്‍ ധരിക്കണം. 

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നിയമം അനുശാസിക്കുന്ന ഹെല്‍മറ്റ് വയ്ക്കാതെ ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് വെട്ടിലായി. പത്ത് മിനിറ്റോളം കളി നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നു. 

ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ക്യാപ്റ്റനായ സസക്‌സിനായാണ് സ്മിത്ത് കളിക്കുന്നത്. പൂജാരയ്ക്ക് കൂട്ടായാണ് താരം ബാറ്റിങിനായി ക്രീസിലെത്തിയത്. എന്നാല്‍ താരത്തിന്റെ ഹെല്‍മറ്റിലെ നിയമ ലംഘനം കണ്ടെത്തിയ അമ്പയര്‍മാര്‍ കളി നിര്‍ത്തി വച്ചു. 

കൗണ്ടി ക്രിക്കറ്റിന്റെ നിയമം പറയുന്ന തരത്തിലുള്ള ഹെല്‍മറ്റായിരുന്നില്ല ഓസീസ് താരം ധരിച്ചത്. ഹെല്‍മറ്റ് കരുത്തുള്ളതായിരിക്കണം. മുഖം, തല, കഴുത്ത് എന്നിവ സംരക്ഷിക്കുന്ന തരത്തിലുള്ളതും ആകണം. ഹെല്‍മറ്റില്‍ ഫോസ്ഗാര്‍ഡുകള്‍, ഗ്രില്ലുകള്‍, നെക്ക് ഗാര്‍ഡ് എന്നിവ നിര്‍ബന്ധമാണെന്നും കൗണ്ടി നിയമത്തിലുണ്ട്. 

ഇത് തെറ്റിക്കുന്നതായിരുന്നു സ്മിത്ത് ധരിച്ച ഹെല്‍മറ്റ്. പിന്നീട് നെക്ക് ഗാര്‍ഡ് ഹെല്‍മറ്റില്‍ പിടിപ്പിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 

മത്സരത്തില്‍ സ്മിത്ത് 57 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 30 റണ്‍സുമായി പുറത്തായി. പൂജാരയ്‌ക്കൊപ്പം നാലാം വിക്കറ്റില്‍ 61 റണ്‍സ് ചേര്‍ത്താണ് സ്മിത്ത് മടങ്ങിയത്. പൂജാരയുടെ സെഞ്ച്വറി (136) ബലത്തില്‍ സസക്‌സ് ആദ്യ ഇന്നിങ്‌സില്‍ 373 റണ്‍സ് നേടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com