സാഹ തുടങ്ങി ഗില്‍ പടര്‍ത്തി; ലഖ്‌നൗ ബൗളര്‍മാരെ അടിച്ചു പറത്തി; കൂറ്റന്‍ ലക്ഷ്യം വച്ച് ഗുജറാത്ത്

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ എന്നിവരുടെ ഉജ്ജ്വല അര്‍ധ സെഞ്ച്വറികളാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്
ശുഭ്മാൻ ​ഗില്ലിന്റെ ബാറ്റിങ്/ പിടിഐ
ശുഭ്മാൻ ​ഗില്ലിന്റെ ബാറ്റിങ്/ പിടിഐ

അഹമ്മദാബാദ്: ഐപിഎല്ലില്‍ സ്വന്തം തട്ടകത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മുന്നില്‍ 228 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം വച്ച് ഗുജറാത്ത് ടൈറ്റന്‍സ്. നായകന്‍മാരായി ഹര്‍ദിക്- ക്രുനാല്‍ പാണ്ഡ്യമാര്‍ നേര്‍ക്കുനേര്‍ വന്ന കൗതുകമുള്ള പോരാട്ടത്തില്‍ ടോസ് നേടി ലഖ്‌നൗ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ എന്നിവരുടെ ഉജ്ജ്വല അര്‍ധ സെഞ്ച്വറികളാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗില്‍ 51 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും സഹിതം 94 റണ്‍സുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു. രണ്ട് ഫോറും ഒരു സിക്‌സും സഹിതം 12 പന്തില്‍ 21 റണ്‍സാണ് മില്ലര്‍ കണ്ടെത്തിയത്. 

20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സാഹ ആകെ 43 പന്തില്‍ 81 റണ്‍സെടുത്ത് മടങ്ങി. പത്ത് ഫോറും നാല് സിക്‌സും സഹിതമായിരുന്നു സാഹയുടെ ബാറ്റിങ്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 15 പന്തില്‍ 25 റണ്‍സെടുത്തും പുറത്തായി. 

ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.1 ഓവറില്‍ 142 റണ്‍സാണ് ചേര്‍ത്തത്. സാഹയെ മടക്കി അവേശ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ സിക്‌സര്‍ തൂക്കി വെടിക്കെട്ടിന് തിരികൊളുത്തിയ സാഹ തുടക്കത്തില്‍ ഗില്ലിനെ കാഴ്ചക്കാരനാക്കി തകര്‍ത്തടിച്ചു. 

20 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട ശേഷമാണ് സാഹ വേഗം കുറച്ചത്. അവിടെ നിന്നാണ് ഗില്‍ തുടങ്ങിയത്. ഇരുവരും പവര്‍പ്ലേയില്‍ 78 റണ്‍സ് ചേര്‍ത്തു. 

ലഖ്‌നൗവിന്റെ എട്ട് താരങ്ങള്‍ പന്തെറിഞ്ഞു. എല്ലാവര്‍ക്കും കണക്കിന് തല്ലും കിട്ടി. ആവേശ് ഖാന് പുറമെ മൊഹ്‌സിന്‍ ഖാനാണ് ശേഷിച്ച വിക്കറ്റ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com