'2024, ടെന്നീസ് കോര്‍ട്ടിലെ എന്റെ അവസാന വര്‍ഷം'- വിരമിക്കല്‍ സൂചനകളുമായി നദാല്‍

പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം നടക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം താരം പ്രഖ്യാപിച്ചിരുന്നു
ന​​ദാൽ/ എഎഫ്പി
ന​​ദാൽ/ എഎഫ്പി

മാഡ്രിഡ്:  ടെന്നീസ് ഭാവി സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുമായി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. സജീവ ടെന്നീസില്‍ നിന്നു വിരമിക്കുന്നത് സംബന്ധിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 

2024, പ്രൊഫഷണല്‍ ടെന്നീസ് താരമെന്ന നിലയിലുള്ള തന്റെ അവസാന വര്‍ഷമായിരിക്കുമെന്ന് നദാല്‍ വ്യക്തമാക്കി. പരിക്കുകള്‍ നിരന്തരം വേട്ടയാടുന്നതാണ് താരത്തെ വിരമിക്കാന്‍ നിര്‍ബന്ധിതനാക്കുന്നത്. 

'എനിക്ക് എന്റെ ദൈനദിന ജോലികളൊന്നും ആസ്വദിച്ച് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് യഥാര്‍ഥ സാഹചര്യം. പാന്‍ഡമിക്കിന് ശേഷം പരിശീലനവും മത്സരങ്ങളും ഒന്നും എനിക്ക് ആസ്വദിക്കാന്‍ പോലും സാധിക്കുന്നില്ല. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നെ അലട്ടുന്നു. മാത്രമല്ല മറ്റ് തടസങ്ങളുമുണ്ട്. അല്‍പ്പകാലത്തിനു ശേഷം ടെന്നീസ് നിര്‍ത്താനാണ് ഞാന്‍ ആലോചിക്കുന്നത്. പരിക്കു മാറി ഇനി എപ്പോള്‍ കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നു എനിക്കറിയില്ല. രണ്ടോ അതല്ലെങ്കില്‍ നാലോ മാസം പോലും തിരിച്ചു വരവിന് ചിലപ്പോള്‍ എടുത്തേക്കാം'- നദാല്‍ വെളിപ്പെടുത്തി.

പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം നടക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം താരം പ്രഖ്യാപിച്ചിരുന്നു. 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നദാല്‍ ഇല്ലാത്ത ഒരു ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം പോരാട്ടം അരങ്ങേറാന്‍ ഒരുങ്ങുന്നത്. 

കളിമണ്‍ കോര്‍ട്ടിലെ ചക്രവര്‍ത്തിയായ നദാല്‍ ഫ്രഞ്ച് ഓപ്പണിലെ നിലവിലെ ചാമ്പ്യനും കിരീടം നേടിയ ഏറ്റവും പ്രായമുള്ള താരവുമാണ്. 14 വട്ടമാണ് നദാല്‍ ഇവിടെ കിരീടമുയര്‍ത്തിയത്. 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന നേട്ടം നൊവാക് ദ്യോക്കോവിചിനൊപ്പം പങ്കിടുകയാണ് നദാല്‍.

ഈ വാർത്ത കൂടി വായിക്കൂ 

‌സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com