നിറഞ്ഞാടി രോഹിത്; അഫ്ഗാനെ തകര്‍ത്ത് ടീം ഇന്ത്യ, രണ്ടാം ജയം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ടാം ജയം
സെഞ്ച്വറി തികച്ച രോഹിത് ശര്‍മ/പിടിഐ
സെഞ്ച്വറി തികച്ച രോഹിത് ശര്‍മ/പിടിഐ

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ടാം ജയം. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അതിവേഗ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ  വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്, 35 ഓവറില്‍ 273 റണ്‍സെടുത്തു. 

ലോകകപ്പ് റെക്കോഡുകള്‍ തകര്‍ത്ത രോഹിത്തിന്റെ സെഞ്ച്വറി പ്രകടനമാണ് ജയം അനായാസമാക്കിയത്. 84 പന്തുകള്‍ നേരിട്ട രോഹിത് 16 ഫോറും അഞ്ച് സിക്സും പറത്തി 131 റണ്‍സെടുത്തു. ലോകകപ്പിലെ തന്റെ ഏഴാം സെഞ്ച്വറി കുറിച്ച ഹിറ്റ്മാന്‍, സച്ചിനെ മറികടന്ന് ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ച്വറികളെന്ന റെക്കോര്‍ഡും സ്വന്തം പേരില്‍ ചേര്‍ത്തു. 45 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ആറ് സെഞ്ച്വറികള്‍ നേടിയത്. എന്നാല്‍ രോഹിത്തിന് ഏഴിലേക്കെത്താന്‍ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്സുകള്‍ മാത്രം.

ഇതോടൊപ്പം ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന കപില്‍ ദേവ് 40 വര്‍ഷം കൈവശം വെച്ചിരുന്ന റെക്കോര്‍ഡും രോഹിത് തകര്‍ത്തു. 63 പന്തിലായിരുന്നു അഫ്ഗാനെതിരെ രോഹിത്തിന്റെ സെഞ്ച്വറി. 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് വെല്‍സിലെ നെവില്‍ ഗ്രൗണ്ടില്‍ സിംബാബ്വെയ്‌ക്കെതിരായ ഐതിഹാസിക ഇന്നിങ്സില്‍ 72 പന്തില്‍ നിന്നായിരുന്നു കപില്‍ ദേവിന്റെ സെഞ്ചുറി.

ഏകദിന ലോകകപ്പില്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003ല്‍ സച്ചിന്‍ പാകിസ്ഥാനെതിരെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.

ഓപ്പണിങ് വിക്കറ്റില്‍ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് 156 റണ്‍സ് ചേര്‍ത്ത രോഹിത് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയിരുന്നു. ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഇഷാന്‍ 47 പന്തുകള്‍ നേരിട്ട് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 47 റണ്‍സെടുത്തു. വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 56 പന്തില്‍ നിന്ന് 55 റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. ശ്രേയസ് അയ്യര്‍ 23 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് തോന്നിച്ച അഫ്ഗാന്‍ സ്‌കോര്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങോടെ ഇന്ത്യ 272-ല്‍ ഒതുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.

63 റണ്‍സെടുക്കുന്നതിനിടെ ഇബ്രാഹിം സദ്രാന്‍ (22), റഹ്മാനുള്ള ഗുര്‍ബാസ് (21), റഹ്മത്ത് ഷാ (16) എന്നിവരെ നഷ്ടമായി പ്രതിരോധത്തിലായിരുന്നു അഫ്ഗാന്‍. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി - അസ്മത്തുള്ള ഒമര്‍സായ് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. നാലാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് അഫ്ഗാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്.

88 പന്തില്‍നിന്ന് 80 റണ്‍സെടുത്ത ഷാഹിദിയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 69 പന്തുകള്‍ നേരിട്ട ഒമര്‍സായ് 62 റണ്‍സെടുത്തു. 35-ാം ഓവറില്‍ ഒമര്‍സായിയെ മടക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ മുഹമ്മദ് നബി (19), നജീബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) എന്നിവരെ വേഗം പുറത്താക്കി ഇന്ത്യ സ്‌കോറിങ് പിടിച്ചുനിര്‍ത്തി. മുജീബ് ഉര്‍ റഹ്മാന്‍ (10), നവീന്‍ ഉള്‍ ഹഖ് (9) എന്നിവര്‍ പുറത്താകാതെ നിന്നു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com