അഫ്ഗാനെതിരെ വെടിക്കെട്ട് വിജയം; അഭിനന്ദിച്ച് നരേന്ദ്രമോദി

സിക്സറുകളും ഫോറുകളുമായി രോഹിത് വെടി പൊട്ടിച്ചപ്പോള്‍ അഫ്ഗാന്‍ കിടുങ്ങി.
രോഹിത് ശര്‍മ- നരേന്ദ്രമോദി
രോഹിത് ശര്‍മ- നരേന്ദ്രമോദി

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനെതിരായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു മോദിയുടെ അഭിനന്ദനം. 'ഓസ്ട്രേലിയയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിലെ അവിസ്മരണീയമായ വിജയത്തിന് ശേഷം, നമ്മുടെ ടീം അഫ്ഗാനിസ്ഥാനെതിരെ ഗംഭീര വിജയം നേടി ലോകകപ്പില്‍ മികച്ച പ്രകടനം തുടരുകയാണ്. ടീമിന് അഭിനന്ദനങ്ങള്‍'- നരേന്ദ്രമോദി കുറിച്ചു. 

രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ സൂപ്പര്‍ വിജയം. സിക്സറുകളും ഫോറുകളുമായി രോഹിത് വെടി പൊട്ടിച്ചപ്പോള്‍ അഫ്ഗാന്‍ കിടുങ്ങി. അഞ്ച് സിക്സറും 16 ഫോറുമായി 84 പന്തില്‍ 131 റണ്ണാണ് രോഹിത് അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായ രണ്ടാംജയത്തോടെ ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാമതെത്തുകയും ചെയ്തു.

റണ്ണൊഴുകുന്ന ഡല്‍ഹി പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്ണാണ് നേടിയത്. 35 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്ണടിച്ച് ഇന്ത്യ ജയംകുറിച്ചു. എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. രോഹിതാണ് മാന്‍ ഓഫ് ദി മാച്ച്. നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പ്രകടനവും നിര്‍ണായകമായി.

ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു അവരുടെ ബാറ്റിങ് മികവുവച്ച് പരമാവധി ശ്രമിച്ചു. എന്നാല്‍ അവര്‍ ഉയര്‍ത്തിയ 272 എന്ന സ്‌കോര്‍ ഇന്ത്യക്ക് ഒരുതരത്തിലും വെല്ലുവിളിയായില്ല. റാഷിദ് ഖാന്‍-മുജീബ് ഉര്‍ റഹ്മാന്‍ സ്പിന്‍ ദ്വയത്തിലായിരുന്നു പ്രതീക്ഷ. എന്നാല്‍, രോഹിതിനുമുന്നില്‍ സ്പിന്നുമുണ്ടായില്ല, പേസുമുണ്ടായില്ല. പതിഞ്ഞ തുടക്കത്തിനുശേഷം ആളിക്കത്തുകയായിരുന്നു. അതിനിടെ പല റെക്കോഡുകളും കടപുഴകി. ലോകകപ്പിലെ ഏഴാംസെഞ്ച്വറിയാണ് കുറിച്ചത്. വിരാട് കോഹ്ലി 56 പന്തില്‍ 55 റണ്ണുമായി പുറത്താകാതെനിന്നു. തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറിയാണ്. ഇഷാന്‍ കിഷന്‍ 47 പന്തില്‍ 47 റണ്ണെടുത്തു. ശ്രേയസ് അയ്യര്‍ 23 പന്തില്‍ 25 റണ്ണുമായി ക്രീസിലുണ്ടായിരുന്നു.

അഫ്ഗാനായി ക്യാപ്റ്റന്‍ ഹഷ്മത്തുല്ല ഷഹീദി (88 പന്തില്‍ 80) മികച്ച പ്രകടനം പുറത്തെടുത്തു. സ്പിന്നര്‍മാര്‍ക്ക് ഗുണംകിട്ടാത്ത പിച്ചില്‍ ഇന്ത്യന്‍ സഖ്യമായ കുല്‍ദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കും തിളങ്ങാനായില്ല. പതിനാലിന് അഹമ്മദാബാദില്‍ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത കളി.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com