എല്ലാ വര്‍ഷവും ഓഗസ്റ്റ് 3 കാറ്റി ലെഡെക്കിയ്ക്ക് സവിശേഷതകള്‍ നിറഞ്ഞതാണ്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ നീന്താനെത്തുമ്പോള്‍ അവര്‍ക്ക് പ്രായം 15 വയസ്.
800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ഒളിംപിക് സ്വര്‍ണമണിഞ്ഞ് അന്ന് 2012 ഓഗസ്റ്റ് 3ന് അവള്‍ ലോകത്തെ അമ്പരപ്പിച്ചു.
ഒളിംപിക്‌സ് 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ അമേരിക്കയുടെ കാറ്റി ലെഡെക്കി സുവര്‍ണ നേട്ടം ആവര്‍ത്തിച്ചു. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ പങ്കെടുത്ത് സ്വര്‍ണം നേടി വിസ്മയിപ്പിച്ച അവര്‍ 2016 റിയോ, 2020 ടോക്യോ കടന്ന് പാരിസില്‍ 27ാം വയസില്‍ അതേ ഇനത്തില്‍ സ്വര്‍ണം നേട്ടം നാലാം തവണയും ആവര്‍ത്തിച്ച് മധ്യദൂര നീന്തലിലെ തന്‍റെ അപ്രമാദിത്വം ഒരിക്കല്‍ കൂടി തെളിയിച്ചു.
തുടരെ നാല് ഒളിംപിക്‌സില്‍ ഒരേ ഇനത്തില്‍ ചാംപ്യന്‍. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ വനിതാ കായിക താരമായി ലെഡെക്കി മാറി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ നീന്തല്‍ താരവും.
800 മീറ്ററിലെ നിലവിലെ ഒളിംപിക്, ലോക റെക്കോര്‍ഡുകള്‍ 2016ല്‍ അവര്‍ റിയോയില്‍ സ്ഥാപിച്ചു. 8.04.79 മിനിറ്റില്‍ നീന്തിയെത്തിയാണ് അന്ന് റെക്കോര്‍ഡുകള്‍ നേടിയത്.
പാരിസില്‍ 8.11.04 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് നേട്ടം. 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെങ്കലത്തിലേക്ക് തള്ളിയ ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം ടെര്‍മിനേറ്റര്‍ എന്നറിയപ്പെടുന്ന അരിയനെ ടിറ്റ്മസിനെയാണ് കാറ്റി രണ്ടാമതാക്കിയത്.
1500 മീറ്റര്‍ ഫ്രീസ്റ്റൈലിലും ഇത്തവണ പാരിസില്‍ സ്വര്‍ണം നേടിയ കാറ്റിയുടെ ആകെ സ്വര്‍ണ നേട്ടം 9 ആയി. മൊത്തം ഒളിംപിക് മെഡലുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു. 1500 മീറ്ററില്‍ ഏറ്റവും വേഗതയില്‍ ഫിനിഷ് ചെയ്ത 20 സമയങ്ങളും കുറിച്ചിട്ടുള്ളത് കാറ്റിയാണ്. ഏറ്റവും കൂടുതല്‍ ഒളിംപിക് മെഡല്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ കാറ്റി മൂന്നാം സ്ഥാനത്ത്.
12 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു 2024 ഓഗസ്റ്റ് 3ന് അവള്‍ അതേ ലോകത്തെ നോക്കി സ്വര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞ് ഒരിക്കല്‍ കൂടി പുഞ്ചിരിച്ചു. തുടരെ നാലാം തവണയും ഒളിംപിക്‌സ് വേദിയില്‍ ലോകം അതു കണ്ടു!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക