കൊളംബോ: ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 27 വര്‍ഷത്തിന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ജയസൂര്യയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. പരമ്പരയില്‍ ജയം അനിവാര്യമായ മത്സരത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ കളിക്കാന്‍ ഇന്ത്യന്‍ ടീമില്‍ ആരുമുണ്ടായില്ല. ഫലം ഇന്ത്യ നാണം കെട്ടുതോറ്റു. അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും മെന്‍ഡിസിന്റെയും അര്‍ധസെഞ്ച്വറികളും ദുനിത് വെള്ളാലഗെയുടെ അഞ്ച് വിക്കറ്റ് നേട്ടുവുമാണ് ഇന്ത്യയെ തകര്‍ത്തത്.
1997ലാണ് ഇന്ത്യക്കെതിരെ അവസാനമായി ഏകദിന പരമ്പര ശ്രീലങ്ക നേടിയത്. അന്ന് ലങ്കന്‍ ടീം 3-0ന് ഇന്ത്യയെ തോല്‍പിച്ചു. എന്നാല്‍ പിന്നീടു നടന്ന 11 ഏകദിന പരമ്പരകളിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 248 റണ്‍സ്. ഇന്ത്യയുടെ മറുപടി 26.1 ഓവറില്‍ 138 റണ്‍സില്‍ അവസാനിച്ചു. ഇത്തവണ 110 റണ്‍സിനാണ് ശ്രീലങ്ക ഇന്ത്യയെ തകര്‍ത്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര 2-0ന് അവര്‍ സ്വന്തമാക്കി.
ആദ്യ മത്സരം സമനിലയിലും രണ്ടാംമത്സരം ശ്രീലങ്കയുടെ ജയത്തിലും കലാശിച്ചിരുന്നു. ഇതോടെ പരിശീലക ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിന പരമ്പരതന്നെ ജയിച്ചുതുടങ്ങുക എന്ന ഗൗതം ഗംഭീറിന്റെ സ്വപ്നം പൊലിഞ്ഞു. പിന്നെയുണ്ടായിരുന്നത് ഇന്ന് ജയിച്ച് ഒപ്പത്തിനൊപ്പം എന്ന നിലയില്‍ പരമ്പര അവസാനിപ്പിക്കുക എന്നതായിരുന്നു. ആ പ്രതീക്ഷയും സഫലമാക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കഴിയാതെ വന്നതോടെ ഗംഭീറിന് ഏകദിന പരമ്പര തോല്‍വിയോടെ ഏകദിനത്തിന് ആരംഭം കുറിക്കേണ്ടിവന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശ്രീലങ്ക ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി രണ്ടക്കം കടന്നത് നാലു താരങ്ങള്‍ മാത്രം. 20 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ ആഞ്ഞടിച്ച വാഷിങ്ടന്‍ സുന്ദര്‍ 25 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 30 റണ്‍സെടുത്തു. കോഹ്‌ലി (20) അരങ്ങേറ്റം കുറിച്ച റിയാന്‍ പരാഗ് (14) ശുഭ്മന്‍ ഗില്‍ (ആറ്) ഋഷഭ് പന്ത് (ആറ്) ശ്രേയസ് അയ്യര്‍ (എട്ട്) ശിവം ദുബെ (ഒന്‍പത്) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി.
നേരത്തേ, ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തു. 102 പന്തുകള്‍ നേരിട്ട അവിഷ്‌ക 96 റണ്‍സെടുത്താണു പുറത്തായത്. 82 പന്തുകളില്‍നിന്ന് കുശാല്‍ മെന്‍ഡിസ് 59 റണ്‍സും നേടി. ഇന്ത്യയ്ക്കായി ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ