പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഏറ്റവും വേദന നിറഞ്ഞ വാര്‍ത്തയായിരുന്നു അത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയെന്നുള്ള വാര്‍ത്ത കായിക പ്രേമികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. നിയമം അനുസരിച്ച് ഗുസ്തിക്കാര്‍ കൃത്യമായി ഭാരം നിലനിര്‍ത്തേണ്ടതുണ്ട്. എല്ലാ പ്രതിസന്ധികളേയും മറി കടന്ന് ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന് ഇന്നലെ രാത്രി ഏകദേശം രണ്ട് കിലോ അമിത ഭാരമുണ്ടായിരുന്നു. ഒരു രാത്രി മുഴുവനും ഉറങ്ങാതിരുന്ന് മാനദണ്ഡം പാലിക്കുന്നതിനായി ജോഗിങും സ്‌കിപ്പിങും സൈക്ലിങും ഒക്കെ ചെയ്താണ് ഭാരം കുറച്ചത്. എന്നിട്ടും 100 ഗ്രാം അമിതമായതിനെത്തുടര്‍ന്നാണ് അയോഗ്യയാക്കിയത്. എന്താണ് ഗുസ്തിയിലെ ഭാര നിയമങ്ങള്‍.
മത്സര ദിവസം രാവിലെ ഭാരം നോക്കും. ഏകദേശം 30 മിനിറ്റോളം എടുത്താണ് വെയ്റ്റ് ഇന്‍, മെഡിക്കല്‍ കണ്‍ട്രോള്‍ സെഷനുകള്‍ നടത്തുക. രണ്ടാം ദിവസം രാവിലെ 15 മിനിറ്റ് മാത്രമായി ഈ സമയം ചുരുക്കും.
മത്സര ദിവസം രാവിലെ ഗുസ്തിക്കാര്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം. മെഡിക്കല്‍ പരിശോധന നടത്താതെ ഗുസ്തിക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവാദമില്ല.
ഗുസ്തിക്കാര്‍ അവരുടെ ലൈസന്‍സും അക്രഡിറ്റേഷനും മെഡിക്കല്‍ പരിശോധനയിലും ഭാരം നോക്കുമ്പോഴും ഹാജരാക്കണം. ഭാരം പരിശോധിക്കുന്ന സമയത്ത് സിഗ്ലെറ്റ് വസ്ത്രം മാത്രമേ ധരിക്കാന്‍ കഴിയൂ. നഖങ്ങള്‍ മുറിച്ചിരിക്കണം.
ഭാര പരിശോധനയ്ക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് ഒന്നിലധികം തവണ പരിശോധന നടത്താം. ഭാരവും ഡ്രസ് കോഡും നിയമങ്ങള്‍ക്കനുസരിച്ച് പാലിക്കുന്നുണ്ടോയെന്ന് റഫറിമാര്‍ ഉറപ്പാക്കണം. പറഞ്ഞിരിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത ഒരാളുടേയും ഭാര പരിശോധന നടത്തില്ല.
ആദ്യ ദിവസത്തില്‍ പരിക്ക് പറ്റിയാല്‍ അവര്‍ രണ്ടാം ദിവസം ഭാര പരിശോധനയില്‍ പങ്കെടുക്കേണ്ടതില്ല. ഒരു ദിവസം മൂന്ന് മത്സരങ്ങളിലാണ് വിനേഷ് മത്സരിച്ചത്. ക്ഷീണമകറ്റുന്നതിനായി സപ്ലിമെന്റുകളും മറ്റും എടുത്തതിനാലാവും ഭാരം വീണ്ടും 50 കിലോയില്‍ കൂടിയതെന്നാണ് കരുതുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ