ഞാൻ ഒരു ഗുസ്തിക്കാരനാകണമെന്ന് എൻ്റെ മാതാപിതാക്കൾ എപ്പോഴും ആഗ്രഹിച്ചിരുന്നു. അവർക്ക് ഒളിംപിക്സിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, പക്ഷേ ഞാൻ ഒരു ഗുസ്തിക്കാരനാകണമെന്ന് അവർ ആഗ്രഹിച്ചു- പാരിസ് ഒളിംപിക്സിൽ പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയിൽ വെങ്കലം നേടിയ ഇന്ത്യൻ താരം അമൻ സെഹ്റാവത്തിന്റെ വാക്കുകളാണിത്. ഇത് പറയുമ്പോൾ വികാരം കൊണ്ട് അമന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
ഹരിയാനയിലെ ബിരോഹറിലെ കർഷകനായ സോംബിർ സെഹ്റാവത്തിന്റെയും കംലേഷിന്റെയും മകനാണ് അമൻ. അത്ര സന്തോഷകരമായ കുട്ടിക്കാലമായിരുന്നില്ല അമന്. ആദ്യം അമന് അച്ഛനെ നഷ്ടമായി, ഒരു വർഷത്തിന് ശേഷം അമ്മയേയും. അന്ന് അമന് കേവലം 11 വയസ് മാത്രമായിരുന്നു പ്രായം.
മരിക്കുന്നതിന് മുൻപ് തന്നെ അമനെ അച്ഛൻ ഗുസ്തി പഠിക്കാൻ ഛത്രസാൽ സ്റ്റേഡിയത്തിൽ ചേർത്തിരുന്നു. പെട്ടെന്നുള്ള മാതാപിതാക്കളുടെ വിയോഗം അവനെ വല്ലാതെ തളർത്തി. വിഷാദരോഗത്തിലേക്ക് വഴുതിവീണ അവനെ വീണ്ടും ഗോദയിലേക്ക് തിരിച്ചുകൊണ്ടുവന്നത് മുത്തച്ഛൻ മൻഗെറാം ഷെരാവത്താണ്. അങ്ങനെ ഛത്രസാൽ സ്റ്റേഡിയം അമൻ്റെ രണ്ടാമത്തെ വീടായി മാറി.
‘‘എളുപ്പമാണെങ്കിൽ എല്ലാവരും ഇത് തിരഞ്ഞെടുക്കുമായിരുന്നു’’ ഛത്രസാലിലുള്ള ഹോസ്റ്റലിൽ അമന്റെ കിടക്കയിൽ എഴുതിയിരിക്കുന്ന വാചകങ്ങളാണിത്. സുശീൽ കുമാർ, രവി ദഹിയ തുടങ്ങിയ ചാംപ്യൻമാർക്കൊപ്പമുള്ള പരിശീലനം അമനെ ഉറച്ച ലക്ഷ്യബോധത്തിലെത്തിച്ചു. രവി ദഹിയയുമായിട്ടായിരുന്നു അമൻ കൂടുതൽ അടുപ്പം പുലർത്തിയത്.
അമനെപ്പോലെ രവിയും ചെറുപ്പത്തിൽ തന്നെ ഛത്രസാലിലെത്തിയതായിരുന്നു. ദഹിയ പരിശീലിക്കുന്നത് അവൻ ശ്രദ്ധയോടെ വീക്ഷിക്കും. ദഹിയയുടെ പല തന്ത്രങ്ങളും തന്റെയും ശൈലിയിലേക്കു കൊണ്ടുവരാൻ അമൻ ശ്രദ്ധിച്ചു. അദ്ദേഹത്തെപ്പോലെ പരിശീലിക്കാനും ഭക്ഷണം കഴിക്കാനും ശ്രമിച്ചു. ഇരുവരുടെയും ഗുസ്തി ശൈലിയും സമാന സ്വഭാവമുള്ളതാണ്. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് രണ്ടുപേരും മത്സരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സുശീലിനൊപ്പവും ഒട്ടേറെത്തവണ അമൻ ഒന്നിച്ചു പരിശീലിച്ചിട്ടുണ്ട്. ലളിത് കുമാറിന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം. ഛത്രസാലിൽ നിന്ന് ഇതുവരെ പിറന്നത് അഞ്ച് ഒളിമ്പിക് മെഡലുകളാണ്. സുശീൽ കുമാർ, യോഗേശ്വർ ദത്ത്, ബജ്‌രംഗ് പുനിയ, രവി ദഹിയ, ഇപ്പോൾ അമൻ സെഹ്റാവത്തും. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്സ് മെഡൽ ജേതാവ് എന്ന നിലയിൽ അമൻ സെഹ്‌റാവത്ത് ഒന്നൊന്നായി വിജയം കീഴടക്കുമ്പോൾ ഒരു രാജ്യത്തിൻ്റെ പ്രതീക്ഷകളും കൂടിയാണ് പൂവണിയുന്നത്, ഒപ്പം വളർന്നുവരുന്ന ഒരായിരം ഗുസ്തിക്കാർക്കുള്ള പ്രചോദനവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ