മൂന്നാഴ്ചയോളം നീണ്ട വിശ്വ മഹാ കായിക മഹാമേളയ്ക്ക് ഇന്ന് സെന്‍ നദീ തീരത്ത് തിരശ്ശീല വീഴും. കണ്ണീരും കിനാവും ആഘോഷങ്ങളും വിവാദങ്ങളും നിറഞ്ഞ മറ്റൊരു ഒളിംപിക്‌സ് പോരാട്ടത്തിന്റെ ദിന രാത്രങ്ങള്‍ക്കാണ് സമാപനം കുറിക്കുന്നത്. സ്റ്റേഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിലാണ് സമാപന പരിപാടികള്‍.
ഇന്ന് രാത്രി 12.30 മുതല്‍ സമാപന ചടങ്ങുകള്‍, ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 1 എസ്ഡി, സ്‌പോര്‍ട്‌സ് 18 1 എച്ഡി ചാനലുകള്‍ വഴി തത്സമയം കാണാം. ജിയോ സിനിമ ആപ്പിലൂടെ മൊബൈല്‍ വഴിയും ലൈവ് കാണാം.
അടുത്ത ഒളിംപിക്‌സ് ലോസ് ആഞ്ജലസില്‍. നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2028ല്‍ ക്രിക്കറ്റടക്കമുള്ളവയുടെ പ്രവേശനത്തിലൂടെ ആ പോരാട്ടവും ചരിത്രമാകാന്‍ ഒരുങ്ങുന്നു. ഇന്ന് രാത്രി 12.30 മുതലാണ് സമാപന ചടങ്ങുകള്‍. കൂടുതല്‍ പാരമ്പര്യത്തിലൂന്നിയുള്ള ചടങ്ങുകള്‍ക്കാണ് ലോകം സാക്ഷിയാകാന്‍ ഒരുങ്ങുന്നത്. ഇതിഹാസ താരവും മലയാളി ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷും രണ്ട് വെങ്കല മെഡലുകള്‍ രാജ്യത്തിനു സമ്മാനിച്ച് അഭിമാനമായ മനു ഭാകറും സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും.
ഇന്ത്യക്ക് ഇത്തവണ അല്‍പ്പം നിരാശയാണെങ്കിലും പല താരങ്ങളും നാലാം സ്ഥനത്ത് നേരിയ വ്യത്യാസത്തില്‍ ഫിനിഷ് ചെയ്തത് പ്രതീക്ഷയാണ്. ഇന്ത്യ ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 6 മെഡലുകളുമായാണ് മടങ്ങുന്നത്. കഴിഞ്ഞ തവണ ചരിത്രമെഴുതി സ്വര്‍ണം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് ഇത്തവണ വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഇന്ത്യയുടെ ഏക വെള്ളി സമ്മാനിക്കാന്‍ താരത്തിനു സാധിച്ചു.
വിനേഷ് ഫോഗട്ട് ഹൃദയം മുറിക്കുന്ന കാഴ്ചയായി പാരിസില്‍. അവര്‍ക്ക് വെള്ളി കിട്ടുമെന്നു തന്നെ പ്രതീക്ഷിക്കാം. വിനേഷ് തീര്‍ച്ചയായും മെഡല്‍ അര്‍ഹയാണ്. അത്ര ഉന്നതമായ പോരാട്ടമാണ് വിനേഷ് ക്വാര്‍ട്ടറിലും സെമിയിലും പുറത്തെടുത്തത്.
(ശ്രീജേഷിന് ഹോക്കി ഇന്ത്യ നല്‍കിയ ആദരം)
ഹോക്കി രാജ്യത്തിന്റെ ആനന്ദ കാഴ്ചയായി മാറുന്ന ആഴ്ച കൂടിയാണ് കടന്നു പോകുന്നത്. മലയാളികള്‍ക്കും അഭിമാന നിമിഷങ്ങള്‍. നമ്മുടെ പിആര്‍ ശ്രീജേഷ് അസാമാന്യ പ്രകടനത്തിലൂടെ ഇന്ത്യക്ക് വെങ്കല മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്നു. കളിക്കളത്തില്‍ അവസാന സെക്കന്‍ഡില്‍ വരെ മികവ് അടയാളപ്പെടുത്തിയാണ് ആ മനുഷ്യന്‍ പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുന്നത്. ശ്രീജേഷ് ഇനി ഇന്ത്യന്‍ ജൂനിയര്‍ ടീമിന് തന്ത്രങ്ങളോതുന്ന ആശാനായി മാറും.
52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒളിംപിക്‌സ് ഹോക്കി മെഡല്‍ നിലനിര്‍ത്തി എന്ന നേട്ടവുമായാണ് മടങ്ങുന്നത്. പ്രത്യാശിക്കാം, ധ്യാന്‍ ചന്ദിന്റെ മാന്ത്രിക ഹോക്കിയുടെ ആത്മാനന്ദങ്ങള്‍ ലോകത്തിനു സമര്‍പ്പിച്ച ഒരു കൂട്ടം മനുഷ്യരുടെ പിന്‍തലമുറ സുവര്‍ണ കാലത്തേക്ക് നമ്മുടെ ഹോക്കിയെ മടക്കി കൊണ്ടു പോകുമെന്ന്.
ഷൂട്ടിങില്‍ ഇരട്ട വെങ്കലം നേടി മനു ഭാകര്‍ പുതു ചരിതം രചിക്കുന്നതിനും പാരിസ് സാക്ഷിയായി. ഒളിംപിക്‌സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരം, ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം തുടങ്ങിയ അനുപമ നേട്ടങ്ങളോടെയാണ് മനുവിന്റെ മുന്നേറ്റം. മനുവിനൊപ്പം സരബ്‌ജോത് സിങ്, സ്വപ്‌നില്‍ കുസാലെ എന്നിവരും ഷൂട്ടിങ് മെഡല്‍ സ്വന്തമാക്കി.
അമന്‍ സെഹ്‌രാവത്തിന്റെ ഗുസ്തി മെഡല്‍ നേട്ടം ശ്രദ്ധേയമാണ്. പാരിസിലെ ഇന്ത്യയുടെ ഏക ഗുസ്തി മെഡലും നിലവില്‍ ഇതാണ്. (കായിക കോടതി വിധി വിനേഷിനു അനുകൂലമായാല്‍ ഒരു ചരിത്ര വെള്ളിയും ഉണ്ടാകും) കഠിന ജീവിത വഴികള്‍ നല്‍കിയ പാഠം ആ 21കാരനെ പാകപ്പെടുത്തിയ വിധം അപാരമാണ്. മെഡല്‍ നേട്ടത്തില്‍ അമിത ആഹ്ലാദമില്ലാത്ത നിസംഗ ഭാവമായിരുന്നു അയാളുടെ മുഖത്തു നിന്നു വായിച്ചത്. തീര്‍ച്ചയായും ലോസ് ആഞ്ജലസില്‍ അമന്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ചരിത്രമെഴുതട്ടെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ