ആറ് മെഡലുകള്‍ നേടിയപ്പോള്‍ തന്നെ നേരിയ വ്യത്യാസത്തില്‍ ഇന്ത്യക്ക് ആറ് മെഡലുകള്‍ നഷ്ടമാകുന്നതും പാരിസില്‍ കണ്ടു. രണ്ട് മെഡലുകള്‍ നേടി ചരിത്രമെഴുതിയ ഷൂട്ടിങ് താരം മനു ഭാകറിനു 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. ഫൈനലില്‍ താരം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താരത്തെ സംബന്ധിച്ചു ഹാട്രിക്ക് മെഡല്‍ നഷ്ടം. ഇതു കൂടാതെയാണ് ഇന്ത്യക്ക് ആറ് മെഡലുകള്‍ നഷ്ടമായത്.
പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ ബബുതയുടെ മെഡല്‍ നഷ്ടം നേരിയ വ്യത്യാസത്തില്‍ തന്നെ. 1.4 പോയിന്റ് നേടിയിരുന്നെങ്കില്‍ മെഡല്‍ ഉറപ്പായിരുന്നു.
ബാഡ്മിന്റണ്‍ സെമിയില്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് നിലവിലെ ഒളിംപിക് ചാംപ്യനായ വിക്ടര്‍ അക്‌സല്‍സനോട് ലക്ഷ്യ പരാജയപ്പെട്ടത്. പിന്നാലെ വെങ്കല പോരാട്ടത്തിനിറങ്ങിയ താരത്തിനു പക്ഷേ മലേഷ്യയുടെ ലീ സി ജിയയോടു ഏകപക്ഷീയ തോല്‍വി നേരിടേണ്ടി വന്നു. പരിക്കാണ് താരത്തിനു വിനയായത്.
അമ്പെയ്ത്ത് മിക്‌സഡ് പോരാട്ടത്തിലും ഇന്ത്യക്ക് മെഡല്‍ നഷ്ടമായത് നേരിയ വ്യത്യാസത്തില്‍. ഒളിംപിക് മെഡല്‍ പോരിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായി അങ്കിത ഭകതും ധീരജ് ബൊമ്മദേവരയും മാറി. എന്നാല്‍ സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയോടും വെങ്കല പോരാട്ടത്തില്‍ അമേരിക്കയോടും തോല്‍വി.
മഹേശ്വരി ചൗഹാന്‍, ആനന്ദ് ജീത് സിങ് നരുകയുമാണ് ഷൂട്ടിങ് മെഡല്‍ നഷ്ടമായ മറ്റു താരങ്ങള്‍. സ്‌കീറ്റ് മിക്‌സഡ് ടീമിനത്തില്‍ വെങ്കല പോരിനിറങ്ങി. എന്നാല്‍ ഒരു പോയിന്റിനാണ് തോല്‍വി. ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരുവരും 50ല്‍ 43 പോയിന്റുകള്‍ നേടി. ചൈന 44 പോയിന്റുകള്‍ നേടി വെങ്കലം നേടി.
ബോക്‌സിങില്‍ നിഷാന്ത് പ്രതീക്ഷയുയര്‍ത്തി. ക്വാര്‍ട്ടറില്‍ മത്സരിക്കാനിറങ്ങിയ താരത്തിനു പക്ഷേ കാലിടറി. മെക്‌സിക്കോയുടെ ആല്‍വരെസ് മാര്‍ക്കോ വെര്‍ഡെയോടു പരാജയപ്പെട്ടു. സെമിയിലെത്തിയിരുന്നെങ്കില്‍ നിഷാന്തിന് വെങ്കലം ഉറപ്പിക്കാകമായിരുന്നു.
വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരബായ് ചാനു മത്സരിച്ചു. താരത്തിന് ഒറ്റ കിലോയുടെ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. താരം ഉയര്‍ത്തിയത് 199 കിലോ. വെങ്കലം നേടിയ താരം 200 കിലോ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ