ന്യൂഡൽഹി: ഒളിംപിക്സിൽ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത രാജ്യത്തെ ഒന്നടങ്കം നിരാശയിലാക്കിയ സംഭവമായിരുന്നു. വനിതാ ഗുസ്തി ഫൈനലിനു തൊട്ടു മുൻപ് നടത്തിയ പരിശോധനയിൽ ശരീര ഭാരം 100 ഗ്രാം കൂടിയതാണ് വിനേഷിന്റെ അയോഗ്യതയിലേക്ക് നയിച്ചത്. ഇതോടെ വിഷയം ഇന്ത്യയിൽ രാഷ്ട്രീയ വിവാദത്തിനും കാരണമായി. ഇപ്പോൾ ഭാര നിയന്ത്രണ വിഷയത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മെഡിക്കൽ ടീമിനെ ന്യായീകരിക്കുകയാണ് അധ്യക്ഷ പിടി ഉഷ.
താരത്തിനും കോച്ചിനുമാണ് ഈ വിഷയത്തിന്റെ പൂർണ ഉത്തരവാദിത്വമെന്നു അവർ പറയുന്നു. ഭാരം ക്രമീകരിച്ചു നിർത്തേണ്ട ഉത്തരവാദിത്വം താരങ്ങൾക്കും കോച്ചിനുമാണെന്നു പിടി ഉഷ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുസ്തി, ഭാരോദ്വഹനം, ബോക്സിങ്, ജൂഡോ എന്നിവയിൽ ഭാരം ക്രമീകരിച്ചു നിർത്തേണ്ടതിന്റെ ഉത്തരവാദിത്വം കളിക്കാർക്കാണെന്നു പിടി ഉഷ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. താരങ്ങളുടെ ഭാരം ക്രമീകരിക്കുന്നതിന്റെ ഉത്തരവാദിത്വം ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റേയും ചീഫ് മെഡിക്കൽ ഓഫീസറുടേയും അദ്ദേഹത്തിന്റെ ടീമിന്റേയും അല്ല. ഐഒഎ ടീമിനെതിരേയും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷ പർദിവാലയ്ക്കെതിരേയും ഉയരുന്ന വിദ്വേഷ പ്രചാരണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഉഷ വ്യക്തമാക്കി.
പാരിസ് ഒളിംപിക്സിൽ ഈ ഇനങ്ങളിൽ പങ്കെടുത്ത ഓരോ താരങ്ങൾക്കും അവരുടേതായ സപ്പോർട്ട് സ്റ്റാഫ് ഉണ്ടായിരുന്നു. ഐഒഎ നിയോഗിച്ച മെഡിക്കൽ ടീമിന്റെ ഉത്തരവാദിത്വം കളിക്കാരുടെ പരിക്ക് സംബന്ധിച്ച കാര്യങ്ങൾ നോക്കുക എന്നതു മാത്രമാണ് എന്നും പ്രസ്താവനയിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ