17 wickets fall on opening day
സഹ താരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന വിയാന്‍ മള്‍ഡര്‍എക്സ്

ഒറ്റ ദിവസം, നിലം പൊത്തിയത് 17 വിക്കറ്റുകള്‍! ഷമര്‍ ജോസഫിന്റെ പേസിന് മള്‍ഡറുടെ മറുപടി

വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ആവേശകരം
Published on

പ്രൊവിഡന്‍സ്: വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം നിലം പൊത്തിയത് 17 വിക്കറ്റുകള്‍! ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക വെറും 160 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ വിന്‍ഡീസിന്റെ ബാറ്റിങും കൂട്ടത്തകര്‍ച്ചയെ തന്നെ അഭിമുഖീകരിച്ചു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയില്‍. മൂന്ന് വിക്കറ്റുകള്‍ ശേഷിക്കേ ദക്ഷിണാഫ്രിക്കന്‍ സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിനു ഇനി 63 റണ്‍സ് കൂടി വേണം.

വിന്‍ഡീസ് പേസ് സെന്‍സേഷന്‍ ഷമര്‍ ജോസഫ് സ്വന്തം നാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര പോരാട്ടത്തില്‍ പന്തെറിയാനിറങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി കളം നിറഞ്ഞതോടെയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ആടിയുലഞ്ഞത്. മറുപടി ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിനെ ദക്ഷിണാഫ്രിക്കന്‍ മീഡിയം പേസര്‍ വിയാന്‍ മള്‍ഡറാണ് വെട്ടിലാക്കിയത്. താരം 4 വിക്കറ്റുകള്‍ വീഴ്ത്തി.

നിലവില്‍ 33 റണ്‍സുമായി ബാറ്റിങ് തുടരുന്ന മുന്‍ നായകന്‍ ജാസന്‍ ഹോള്‍ഡറിലാണ് വിന്‍ഡീസിന്റെ ഏക പ്രതീക്ഷ. 26 റണ്‍സെടുത്ത കെസി കാര്‍ട്ടിയാണ് പിടിച്ചു നിന്ന മറ്റൊരു താരം. 11 റണ്‍സെടുത്ത ഗുഡാകേഷ് മോട്ടിയാണ് രണ്ടക്കം കടന്ന മറ്റൊരു വിന്‍ഡീസ് ബാറ്റര്‍.

മള്‍ഡര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസിനായി ഡാന്‍ പിയറ്റ് 38 റണ്‍സുമായി ടോപ് സ്‌കോററായി. പത്താമനായി ക്രീസിലെത്തിയ താരവും അവസാനം ക്രീസിലെത്തിയ നാന്ദ്രെ ബര്‍ഗറും ചേര്‍ന്നാണ് 160 റണ്‍സിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത്. ഒടുവില്‍ ബര്‍ഗറെ വീഴ്ത്തി ഗുഡാകേഷ് മോട്ടിയാണ് പ്രോട്ടീസ് ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. പിയറ്റ് പുറത്താകാതെ നിന്നു. 28 റണ്‍സെടുത്ത ഡേവിഡ് ബഡിങ്ഹാം, 26 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സ്, 21 റണ്‍സെടുത്ത കെയ്ല്‍ വരെയ്ന്‍ എന്നിവരാണ് പിടിച്ചു നിന്ന മറ്റ് താരങ്ങള്‍.

ഷമര്‍ ജോസഫ് 5 വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജയ്ഡന്‍ സീല്‍സ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഹോള്‍ഡര്‍, മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

17 wickets fall on opening day
ഈ താരം സച്ചിന്റെ ടെസ്റ്റ് റണ്‍സ് റെക്കോര്‍ഡ് മറികടക്കും; പ്രവചനവുമായി റിക്കി പോണ്ടിങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com