ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ വിജയ തുടക്കമിട്ട് കരുത്തരായ ലിവര്‍പൂള്‍, ആഴ്‌സണല്‍ ടീമുകള്‍. ബ്രൈറ്റന്‍, ന്യൂകാസില്‍ യുനൈറ്റഡ് ടീമുകളും സീസണ്‍ തുടക്കത്തിലെ ആദ്യ പോരാട്ടം ജയിച്ചു കയറി.
ഡേവിഡ് മോയസിന്റെ പകരക്കാരനായി വെസ്റ്റ് ഹാം യുനൈറ്റഡ് പരിശീലകനായി എത്തിയ ഹുലന്‍ ലോപറ്റേഗിയ്ക്ക് ഹോം പോരില്‍ തോല്‍വിയോടെ തുടങ്ങേണ്ടി വന്നു. ഉനയ് എംറിയുടെ ആസ്റ്റന്‍ വില്ലയാണ് അവരെ വീഴ്ത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലിവര്‍പൂള്‍- ഇപ്‌സ്‌വിച് ടൗണ്‍
യുര്‍ഗന്‍ ക്ലോപ് യുഗത്തിനു ശേഷമുള്ള ആദ്യ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ വിജയത്തുടക്കമിടാന്‍ ലിവര്‍പൂളിനും അര്‍നോ സ്ലോട്ടിനും സാധിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളിനു അവര്‍ ഇപ്‌സ്‌വിച് ടൗണിനെ വീഴ്ത്തി. മനോഹരമായി കളിച്ച ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ വലയിലാക്കിയാണ് ജയിച്ചു കയറിയത്.
60ാം മിനിറ്റില്‍ ഡിഗോ ജോട്ടയും 65ാം മിനിറ്റില്‍ മോ സലയും ലിവര്‍പൂളിനായി വല ചലിപ്പിച്ചു. കടുത്ത ആക്രമണമാണ് ലിവര്‍പൂള്‍ നടത്തിയത്. സുന്ദരമായ ടീം വര്‍ക്കിലൂടെയാണ് ലിവര്‍പൂള്‍ എതിരാളികളുടെ പ്രതിരോധം ഒടുവില്‍ പൊളിച്ചത്. മനോഹരമായൊരു ഗോളായിരുന്നു ഇത്. അഞ്ച് താരങ്ങളിലൂടെ കൈമാറി വന്ന പന്താണ് ജോട്ട വലയിലേക്ക് ഇട്ടത്. ഈ ഗോളിന്റെ ബുദ്ധി കേന്ദ്ര മോ സലയായിരുന്നു. താരം ജോട്ടയ്ക്ക് കൈമാറിയ പാസാണ് ഗോളില്‍ കലാശിച്ചത്.
ആദ്യ ഗോളിനു വഴിയൊരുക്കിയ സല രണ്ടാം ഗോളിനു അവസരമുണ്ടാക്കി വല ചലിപ്പിച്ചു. വിര്‍ജില്‍ വാന്‍ ഡൈക് നീട്ടി നല്‍കിയ പാസ് ബോക്സിനു അരികില്‍ നിന്നു സ്വീകരിച്ച് പിന്നീട് ബോക്സിലേക്ക് കയറി ഹംഗേറിയന്‍ യുവ താരം ഡൊമിനിക്ക് സോബോസ്ലായ്ക്ക് കൈമാറുന്നു. ബോക്‌സിനുള്ളില്‍ വലത് മൂലയില്‍ നിന്ന് കൈമാറിയ പാസ് വീണ്ടും മുന്നോട്ടു കയറി സ്വീകരിച്ച് സല, എതിര്‍ ഗോള്‍ കീപ്പര്‍ ക്രിസ്റ്റ്യന്‍ വാള്‍ടറെ സമര്‍ഥമായി വെട്ടിച്ചാണ് ഗോള്‍ സ്വന്തമാക്കിയത്. സല നിറഞ്ഞു കളിച്ചു.
ആഴ്‌സണല്‍- വോള്‍വ്‌സ്
ആദ്യ പകുതിയില്‍ കയ് ഹവേര്‍ട്‌സും രണ്ടാം പകുതിയില്‍ ബുകായോ സകയും ചേര്‍ന്നു ഗണ്ണേഴ്‌സിന്റെ നയം വ്യക്തമാക്കി. ആക്രമണ ഫുട്‌ബോളുമായി പീരങ്കിപ്പട കളം വാണു. 25ാം മിനിറ്റിലാണ് ഹവേര്‍ട്‌സിന്റെ ഗോള്‍ വന്നത്. സക 74ാം മിനിറ്റിലും വല ചലിപ്പിച്ചു.
മറ്റു മത്സരങ്ങളില്‍ ന്യൂകാസില്‍ പത്ത് പേരുമായി ഭൂരിഭാഗം സമയവും കളിച്ചിട്ടും അവര്‍ വിജയിച്ചു കയറി. സതാംപ്ടനെ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ന്യൂകാസില്‍ വീഴ്ത്തിയത്. 28ാം മിനിറ്റില്‍ ഫാബിയന്‍ ഷാര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോയതോടെയാണ് ന്യൂകാസില്‍ തുടക്കത്തില്‍ തന്നെ പത്ത് പേരിലേക്ക് ചുരുങ്ങിയത്. പക്ഷേ ആ കുറവ് മുതലെടുക്കാന്‍ സതാംപ്ടനു സാധിച്ചില്ല. കളിയുടെ 45ാം മിനിറ്റില്‍ ജോലിന്റനാണ് വിജയ ഗോള്‍ വലയിലാക്കിയത്.
ആസ്റ്റണ്‍ വില്ല 2-1നാണ് വെസ്റ്റ് ഹാം യുനൈറ്റഡിനെ വീഴ്ത്തിയത്. നാലാം മിനിറ്റില്‍ അമഡു ഒനാനയിലൂടെ വില്ല ലീഡെടുത്തു. എന്നാല്‍ 37ാം മിനിറ്റില്‍ ലുക്കാസ് പക്വേറ്റ പെനാല്‍റ്റി വലയിലാക്കി വെസ്റ്റ് ഹാമിനെ ഒപ്പമെത്തിച്ചു. കളിയുടെ 79ാം മിനിറ്റില്‍ വില്ല താരം ജോണ്‍ ഡുറന്‍ നേടിയ ഗോള്‍ ഫലം നിര്‍ണയിച്ചു.
ബ്രൈറ്റന്‍ തലപ്പത്ത്
എവര്‍ട്ടനെ ബ്രൈറ്റന്‍ വീഴ്ത്തി. യുവ ജര്‍മന്‍ പരിശീലകന്‍ ഫാബിയാന്‍ ഹോത്സലെയുടെ തന്ത്രത്തില്‍ ഉജ്ജ്വല ജയമാണ് അവര്‍ എവേ പോരില്‍ സ്വന്തമാക്കിയത്. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് ബ്രൈറ്റന്‍ സീസണ്‍ ഗംഭീരമായി തുടങ്ങിയത്. കൗരു മിറ്റോമ, ഡാനി വെല്‍ബെക്ക്, സിമോണ്‍ അഡിംഗ്ര എന്നിവരാണ് ബ്രൈറ്റന്റെ ഗോള്‍ നേട്ടക്കാര്‍. എവര്‍ട്ടന് 66ാം മിനിറ്റില്‍ ആഷ്‌ലി യങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നത് ക്ഷീണമായി. പിന്നീട് പത്ത് പേരായി ചുരുങ്ങിയാണ് അവര്‍ കളി പൂര്‍ത്തിയാക്കിയത്. ബേണ്‍മത്ത്- നോട്ടിങ്ഹാം ഫോറസ്റ്റ് പോരാട്ടം 1-1നു സമനില.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ