സിഡ്‌നി: ഓസ്‌ട്രേലിയയെ സംബന്ധിച്ച് വരാനിരിക്കുന്ന ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയെ ആഷസ് പരമ്പരയ്ക്ക് തുല്യമായാണ് കാണുന്നതെന്ന് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. നവംബറിലാണ് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടി അഞ്ചു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ മാറ്റുരയ്ക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിപ്പുറം ആദ്യമായാണ് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത്. 1991- 92 സീസണിലാണ് ഇതിന് മുന്‍പ് അഞ്ചു ടെസ്റ്റ് മത്സരങ്ങള്‍ നടന്നത്.
'അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ആയി പരിഷ്‌കരിച്ചതോടെ ഇത് ആഷസ് പരമ്പരയ്ക്ക് തുല്യമായിരിക്കുകയാണ്'-സ്റ്റാര്‍ക്ക് വൈഡ് വേള്‍ഡ് ഓഫ് സ്പോര്‍ട്സിനോട് പറഞ്ഞു. 2014-15 മുതല്‍ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ മുത്തമിടാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചിട്ടില്ല. 2018-19, 2020-21 വര്‍ഷങ്ങളിലെ ചരിത്ര വിജയങ്ങള്‍ അടക്കം തുടര്‍ച്ചയായി നാല് പരമ്പരകളും സ്വന്തമാക്കിയത് ഇന്ത്യയാണ്. ഇതില്‍ മാറ്റം വരുത്തണമെന്ന ലക്ഷ്യത്തിന് പുറമേ പരമ്പര തൂത്തുവാരണമെന്ന ആഗ്രഹമാണ് സ്റ്റാര്‍ക്ക് പ്രകടിപ്പിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടുന്നതിന് പരമ്പര ഏറെ നിര്‍ണായകമായത് കൊണ്ട് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയെ ഏറെ ഗൗരവത്തോടെയാണ് ഇരുടീമുകളും കാണുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'സ്വന്തം തട്ടകത്തിലെ എല്ലാ മത്സരങ്ങളും ജയിക്കാന്‍ ഞങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നു, ഇന്ത്യ വളരെ ശക്തമായ ടീമാണെന്ന് ഞങ്ങള്‍ക്കറിയാം' -സ്റ്റാര്‍ക്ക് പറഞ്ഞു. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ടെസ്റ്റില്‍ മുന്‍നിരയിലുള്ള ആദ്യ രണ്ട് ടീമുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും.
'അതിനാല്‍ ആരാധകര്‍ക്കും തീര്‍ച്ചയായും കളിക്കാര്‍ക്കും വളരെ ആവേശകരമായ ഒരു പരമ്പരയാണ് വരുന്നത്. ജനുവരി 8 ന് ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ ആ ട്രോഫി ഞങ്ങളുടെ തീരത്ത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ടെസ്റ്റ് കരിയര്‍ കഴിയുന്നിടത്തോളം നീട്ടുന്നതിനായി വൈറ്റ് ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറയ്ക്കാനാണ് പദ്ധതി. എല്ലാ തവണയും ഞാന്‍ ബാഗി ഗ്രീന്‍ ക്യാപ് ധരിക്കുമ്പോള്‍ അത് വളരെ പ്രത്യേകതയുള്ളതായി തോന്നാറുണ്ട്. വേനല്‍ക്കാലത്ത് അഞ്ച് വിജയങ്ങളും നേടി പരമ്പര തൂത്തുവാരുമെന്ന് പ്രതീക്ഷിക്കുന്നു' - സ്റ്റാര്‍ക്ക് പറഞ്ഞു. 100 ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിടാന്‍ 11 മത്സരങ്ങള്‍ മാത്രം ബാക്കിയുള്ള 34കാരന്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ