കൊളംബോ: 5 ദിവസമാണ് ടെസ്റ്റ് പോരാട്ടങ്ങള്‍ സാധാരണ കളിക്കാറുള്ളത്. അപൂര്‍വമായി 4 ദിവസത്തിലെ അന്താരാഷ്ട്ര ടെസ്റ്റും അരങ്ങേറിയിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ സ്ഥിരമായി 4 ദിവസമാക്കുന്നതും ഐസിസിയുടെ പരിഗണനയിലുണ്ട്. 6 ദിവസം നീണ്ടു നില്‍ക്കുന്ന ടെസ്റ്റ് പോരാട്ടം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല.
ഇടവേളയ്ക്ക് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം 6 ദിവസത്തെ ടെസ്റ്റ് പോരിനൊരുങ്ങുകയാണ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒരു പോരാട്ടം 6 ദിവസമായിരിക്കും. സെപ്റ്റംബറിലാണ് കിവികളുടെ ശ്രീലങ്കന്‍ പര്യടനം. ഇതില്‍ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരമ്പരയിലെ ആദ്യ പോരാട്ടമാണ് 6 ദിന ടെസ്റ്റ്. രണ്ടാം പോരാട്ടം 5 ദിനം നീളുന്നതു തന്നെയായിരിക്കും. സെപ്റ്റംബര്‍ 18 മുതല്‍ 23 വരെയാണ് ആദ്യ പോരാട്ടം. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ അരങ്ങേറും. രണ്ട് ടെസ്റ്റുകള്‍ക്കും വേദി ഗാലെയായിരിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ 2001ല്‍ ശ്രീലങ്ക 6 ദിവസം നീണ്ടു നില്‍ക്കുന്ന ടെസ്റ്റ് പോരാട്ടം കളിച്ചിട്ടുണ്ട്. അന്ന് സിംബാബ്‌വെക്കെതിരെയാണ് അവര്‍ കളിച്ചത്. 2008ല്‍ ബംഗ്ലാദേശിനെതിരായ പോരാട്ടവും ഇത്തരത്തില്‍ ശ്രീലങ്ക 6 ദിവസമായാണ് കളിച്ചത്.
6 ദിവസത്തെ ടെസ്റ്റില്‍ ഒരു ദിനം സാധാരണയായി വിശ്രമ ദിനമായി കണക്കാക്കിയാണ് ഇത്തരത്തില്‍ ഷെഡ്യൂള്‍ ചെയ്യാറുള്ളത്. സിംബാബ്‌വെക്കെതിരെ 2001ല്‍ 6 ദിവസത്തെ പോരാട്ടത്തില്‍ ഒരു ദിവസം പൗര്‍ണമിയായതിനാല്‍ അന്ന് വിശ്രമം അനുവദിച്ചിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രമാണിച്ച് 2008ല്‍ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് 6 ദിവസമാക്കി തെരഞ്ഞെടുപ്പ് ദിവസം വിശ്രമ ദിനമാക്കി കളിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ