ആടയാഭരണങ്ങളോ, വാഴ്ത്തു പാട്ടുകളോ, അമിത ആഹ്ലാദമോ, ടീമിൽ നിന്നു ഒഴിവാക്കുമ്പോൾ കുറ്റപ്പെടുത്തലോ തുടങ്ങി സ്വർത്ഥത പോലും ഇല്ലാത്ത ഒരു മനുഷ്യൻ. എല്ലായ്പ്പോഴും എല്ലാ കാര്യങ്ങളേയും സ്ഥിതപ്രജ്ഞനായി നേരിട്ട ഒരാൾ. ശിഖർ ധവാൻ വിരമിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കാണാത്ത ഒരു വ്യക്തിത്വമാണ് ടീമിന്റെ പടിയിറങ്ങുന്നത്.
2013ലാണ് ശിഖർ ധവാൻ ടെസ്റ്റിൽ അരങ്ങേറിയത്. അന്ന് ടെസ്റ്റ് ക്യാപ് സമ്മാനിച്ച് സച്ചിൻ ധവാനോടു പറഞ്ഞത്- 'നിന്റെ ധൈര്യത്തെ കുറിച്ച് ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഞങ്ങളും കാണട്ടെ നിന്‍റെ ആ ഗട്സ്'- എന്നായിരുന്നു. ആ പറച്ചിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ ധവാൻ അടിവരയിടുകയും ചെയ്തു. 85 പന്തിൽ സെഞ്ച്വറിയടിച്ച് ടെസ്റ്റ് അരങ്ങേറ്റത്തിൽ അതിവേഗം ശതകം കുറിക്കുന്ന ആദ്യ താരമായി ധവാൻ മാറി.
നിശ്ചയദാർഢ്യം, ഭാവനാ സമ്പന്നത, നിസ്വാർത്ഥത, ടീമിനു വേണ്ടി ത്യാഗം ചെയ്യാനുള്ള സന്നദ്ധത തുടങ്ങി ധവാൻ ഇന്ത്യൻ ടീമിൽ വേറിട്ടൊരു സംസ്കാരത്തിന്റെ പതാകാ വാഹകൻ കൂടിയായിരുന്നു. ഇന്ത്യൻ ടീമിലെന്ന പോലെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ധവാൻ സമാന രീതിയിൽ തന്നെ ടീമുകൾക്കുള്ളിൽ നിലകൊണ്ടു. പല വട്ടം ഇന്ത്യൻ ടീമിന്റെ താത്കാലിക നായകനായിരുന്നു ധവാൻ. ഐപിഎല്ലിലും ടീമുകളെ അദ്ദേഹം നയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടീമിലേക്ക് വിളിച്ചാൽ തന്റെ പരിധിയും പരിമിതിയും മനസിലാക്കി അദ്ദേഹം കളിച്ചു. ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ആരോടും പരിഭവിച്ചില്ല. സാമൂഹിക മാധ്യമങ്ങളിൽ അതിനെതിരെ ഒരിക്കൽ പോലും രംഗത്തു വന്നില്ല. ആരെയും ട്രോളാനോ പരിഹസിക്കാനോ മിനക്കെട്ടില്ല. എല്ലാ കാലത്തും അദ്ദേഹത്തെ ആരാധകർ പിന്തുണച്ചപ്പോൾ അവരോടുള്ള നന്ദിയും സ്നേഹവും അദ്ദേഹം പല വട്ടം തെളിയിട്ടു. ടീമിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ എല്ലായ്പ്പോഴും പ്രധാന പോരാട്ടങ്ങളിൽ തന്റെ സഹ താരങ്ങൾക്ക് ആശംസകൾ നേരാൻ ധവാൻ മറക്കാറില്ല. സമീപ കാലത്ത് ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോഴും ധവാൻ ആശംസകൾ നേരാൻ മറന്നില്ല.
വിരമിക്കൽ പ്രഖ്യാപനത്തിലും ധവാന്റെ ഈ വേറിട്ട മുഖം കാണാം. ഇന്ത്യക്കു വേണ്ടി ഇനി കളിക്കില്ല എന്നതു സങ്കടപ്പെടേണ്ട കാര്യമല്ല. രാജ്യത്തിനു വേണ്ടി കളിക്കാൻ സാധിച്ചതിൽ സന്തോഷിക്കുകയാണു വേണ്ടത് എന്നാണ് താരം പറഞ്ഞത്.
സല്യൂട്ട് ഗബ്ബർ... ബിഗ് സല്യൂട്ട്!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ