നിരവധി മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ താരമാണ് ധവാന്‍. ക്യാച്ചെടുത്തുള്ള ധവാന്റെ ആഘോഷമടക്കം ക്രിക്കറ്റ് ആരാധകരുടെ നൊസ്റ്റാള്‍ജിയ കൂടിയാണ് ഗബ്ബര്‍ എന്നു വിളിക്കുന്ന ധവാന്റെ വിരമിക്കലോടെ അവസാനിക്കുന്നത്.
2010ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ധവാന്റെ ഏകദിന അരങ്ങേറ്റം. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 അരങ്ങേറ്റം. 2013ല്‍ ഓസ്‌ട്രേലിയക്കെതിരെ തന്നെ ടെസ്റ്റ് അരങ്ങേറ്റം. അവസാന ടെസ്റ്റ് 2018ല്‍ ഇംഗ്ലണ്ടിനെതിരെ. അവസാന ഏകദിനം 2022ല്‍ ബംഗ്ലാദേശിനെതിരെ. അവസാന ടി20ല 2021ല്‍ ശ്രീലങ്കക്കെതിരെ.
2013ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ധവാന്‍ ആദ്യ ടെസ്റ്റില്‍ തന്നെ മിന്നും നേട്ടം സ്വന്തമാക്കി. 85 പന്തില്‍ അന്ന് ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറിയടിച്ച ധവാന്‍ അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗം സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറി.
ഐസിസി പോരാട്ടങ്ങളില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്ററാണ് ധവാന്‍. 8 ഏഷ്യാ കപ്പ് പോരാട്ടങ്ങളില്‍ നിന്നു 519 റണ്‍സ്. 2 സെഞ്ച്വറി. 10 ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ നിന്നു 701 റണ്‍സ്. 3 സെഞ്ച്വറി. 8 ലോകകപ്പ് മത്സരങ്ങള്‍. 412 റണ്‍സ്. 2 സെഞ്ച്വറി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി ഓപ്പണിങ് സഖ്യത്തിനു ശേഷം ഇന്ത്യ സംഭവാന ചെയ്ത ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമാണ് രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം. 115 ഇന്നിങ്‌സുകളില്‍ നിന്നു 5148 റണ്‍സാണ് സഖ്യം സ്വന്തമാക്കിയത്. 45.55 ആവറേജ്. 18 സെഞ്ച്വറികള്‍. ക്രിക്കറ്റ് ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിങ് സഖ്യം.
ഇന്ത്യക്കായി മികച്ച ഇന്നിങ്‌സുകള്‍ ധാരാളം കളിച്ചിട്ടുണ്ടെങ്കിലും ശിഖര്‍ ധവാന് ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സ് 2019ലെ ലോകകപ്പില്‍ നേടിയ സെഞ്ച്വറിയാണ്. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ 25 റണ്‍സില്‍ നില്‍ക്കെ അതിവേഗം വന്ന പന്ത് കൊണ്ടു താരത്തിന്റെ വിരല്‍ മുറിഞ്ഞു. പിന്നീട് വേദന സംഹാരി കഴിച്ചാണ് കളിച്ചത്. ആ മത്സരത്തില്‍ താരം 117 റണ്‍സാണ് അടിച്ചെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ