പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനു തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് വിന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. വിന്‍ഡീസ് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്താണ് ജയം പിടിച്ചത്.
വെറും 26 പന്തില്‍ 65 റണ്‍സ് അടിച്ചുകൂട്ടിയ നിക്കോളാസ് പൂരന്റെ ബാറ്റിങാണ് വിന്‍ഡീസ് ജയം അനായാസമാക്കിയത്. ഏഴ് സിക്‌സും രണ്ട് ഫോറും സഹിതമാണ് ഇന്നിങ്‌സ്. പൂരന്‍ പുറത്താകാതെ നിന്നു.
വിന്‍ഡീസ് നിരയില്‍ ഷായ് ഹോപും അര്‍ധ സെഞ്ച്വറി നേടി. 36 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതമാണ് ഹോപിന്റെ അര്‍ധ സെഞ്ച്വറി. ഓപ്പണര്‍ അലിക്ക് അതനാസും മികവ് പുലര്‍ത്തി. താരം മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 40 റണ്‍സെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ 42 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും സഹിതം 76 റണ്‍സ് എടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ ബാറ്റിങാണ് പ്രോട്ടീസിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 32 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 44 റണ്‍സെടുത്ത പാട്രിക്ക് ക്രുഗറാണ് മികവ് പുലര്‍ത്തിയ മറ്റൊരു താരം. മറ്റൊരാള്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.
വിന്‍ഡീസിനായി മാത്യു ഫോര്‍ഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഷമര്‍ ജോസഫ് രണ്ട് വിക്കറ്റെടുത്തു. അകീല്‍ ഹുസൈന്‍, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ