സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച് കരിയറിലെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്വന്തം പേരിലാക്കി.
എല്ലാ ഗ്രാന്‍ഡ്സ്ലാം പോരാട്ടങ്ങളിലും 90, അതിനു മുകളില്‍ വിജയങ്ങള്‍ നേടുന്ന ടെന്നീസ് ചരിത്രത്തിലെ ആദ്യ പുരുഷ താരമായി ജോക്കോ മാറി.
യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയാണ് ജോക്കോ ചരിത്രം എഴുതിയത്. യുഎസ് ഓപ്പണില്‍ താരം നേടുന്ന 90ാം വിജയമാണ് രണ്ടാം റൗണ്ടില്‍ പിറന്നത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 94 ജയങ്ങളും ഫ്രഞ്ച് ഓപ്പണില്‍ 96 ജയങ്ങളും വിംബിള്‍ഡണില്‍ 97 ജയങ്ങളും ഇപ്പോള്‍ യുഎസ് ഓപ്പണില്‍ 90 വിജയങ്ങളും താരം സ്വന്തമാക്കി.
രണ്ടാം റൗണ്ടില്‍ നാട്ടുകാരന്‍ തന്നെയായ ലാസ്‌ലോ ജെരെയെ വീഴ്ത്തിയാണ് നേട്ടം. ആദ്യ രണ്ട് സെറ്റുകളും ജോക്കോ അനായാസം നേടി. മൂന്നാം സെറ്റില്‍ ജോക്കോ 2-0ത്തിനു മുന്നില്‍ നില്‍ക്കെ ജെരെ പരിക്കേറ്റ് പിന്‍മാറി. സ്‌കോര്‍: 6-4, 6-4, 2-0.
പാരിസ് ഒളിംപിക്‌സില്‍ കന്നി സ്വര്‍ണം നേടി ടെന്നീസിലെ ഏതാണ്ടെല്ലാ കിരീടങ്ങളും ജോക്കോ സ്വന്തമാക്കിയതും ഈ വര്‍ഷം കണ്ടു. ഇതോടെ കരിയറില്‍ ഗോള്‍ഡന്‍ സ്ലാം നേടാനും (നാല് ഗ്രാന്‍ഡ് സ്ലാമുകളും ഒളിംപിക്‌സ് സ്വര്‍ണവും) ജോക്കോയ്ക്ക് സാധിച്ചു. ഒളിംപിക്‌സ് ടെന്നീസ് സ്വര്‍ണം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും 37കാരന്‍ മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ