ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. പെര്‍ത്തിലെ വലിയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ അഡ്‌ലെയ്ഡില്‍ രണ്ടാം ടെസ്റ്റിനു ഇറങ്ങിയ ഇന്ത്യക്ക് പക്ഷേ തൊട്ടതെല്ലാം പിഴച്ച് വന്‍ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലുറപ്പിക്കാന്‍ ഇനി എല്ലാ മത്സരവും ജയിക്കേണ്ട അവസ്ഥയാണ്.
പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന ഇന്ത്യ രണ്ടാം ടെസ്റ്റിലെ കനത്ത തോല്‍വിയോടെ മൂന്നാം സ്ഥാനത്തേക്കു വീണു. നാളെ രാവിലെ ഇന്ത്യന്‍ സമയം ആറ് മണി മുതലാണ് നിര്‍ണായക മൂന്നാം പോരാട്ടം തുടങ്ങുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് ഈ മണ്ണില്‍ ചരിത്ര വിജയം നേടിയതിന്റെ ഓര്‍മകളിലാണ് ടീം. ആ പോരാട്ട മികവ് ആവര്‍ത്തിക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. ഒപ്പം ജയത്തോടെ തിരിച്ചെത്താനുള്ള അവസരവും. അന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ച ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും ഇത്തവണയും ടീമിനൊപ്പമുണ്ട്.
വീണ്ടും സ്‌ഫോടനാത്മകം രഹാനെ! തൂക്കിയത് 56 പന്തില്‍ 98 റണ്‍സ്, മുംബൈ ഫൈനലില്‍
ബാറ്റിങിലെ പാളിച്ചകളാണ് ഇന്ത്യയെ കൂടുതല്‍ വേവലാതി ആക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാം ടെസ്റ്റില്‍ മധ്യനിരയിലേക്ക് ഇറങ്ങി കളിച്ചെങ്കിലും തിളങ്ങാനായില്ല. ഓപ്പണറായി ഇറങ്ങിയിട്ടും സമീപ കാലത്ത് മികച്ച പ്രകടനം രോഹിതില്‍ നിന്നു വന്നിട്ടില്ല. നാളെ രോഹിത് ഓപ്പണറായി തിരിച്ചെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. നെറ്റ്‌സില്‍ കഠിന പരിശീലനം നടത്തിയാണ് രോഹിത് നില്‍ക്കുന്നത്. പക്ഷേ സ്ഥാനം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
പെര്‍ത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയെങ്കിലും കോഹ്‌ലിയും ഫോമിലല്ല. ഓഫ് സ്റ്റംപിനു പുറത്തേക്കുള്ള പന്തില്‍ ബാറ്റ് വയ്ക്കുന്ന പതിവ് ഇപ്പോഴും താരം തുടരുന്നുണ്ട്. സൂപ്പര്‍ താരവും ഒരു തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്. ഋഷഭ് പന്ത് മികച്ച രീതിയില്‍ കളിക്കുന്നുണ്ടെങ്കിലും താരത്തിനു വലിയ സ്‌കോറിലേക്കെത്തിക്കാന്‍ സാധിച്ചിട്ടില്ല. പ്രിയപ്പെട്ട പിച്ചില്‍ വലിയ ഇന്നിങ്‌സ് പന്തില്‍ നിന്നു പ്രതീക്ഷിക്കുന്നു.
ബൗൡങ് നിരയില്‍ ഒരു പക്ഷേ ഇന്ത്യ മാറ്റം കൊണ്ടു വന്നേയ്ക്കാം. ഹര്‍ഷിത് റാണയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയ്ക്ക് ഒരുപക്ഷേ അവസരം നല്‍കിയേക്കും. ആര്‍ അശ്വിന്‍ മാറി ബാറ്റിങില്‍ കൂടുതല്‍ ആഴം നല്‍കുക ലക്ഷ്യമിട്ട് ഇന്ത്യ വാഷിങ്ടന്‍ സുന്ദറിനു അവസരം നല്‍കിയേക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക