ബംഗളൂരു: ബറോഡയെ ആറ് വിക്കറ്റിനു വീഴ്ത്തി മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിന്റെ ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ബറോഡ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മുംബൈ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17.2 ഓവറില്‍ 164 റണ്‍സെടുത്താണ് ഫൈനലിലേക്ക് മുന്നേറിയത്.
ക്വാര്‍ട്ടറില്‍ കത്തിക്കയറും ബാറ്റിങുമായി കളം വാണ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെ തുടരെ സെമിയിലും സമാന രീതിയില്‍ സ്‌ഫോടനാത്മക ബാറ്റിങുമായി കളം വാണു. ഇത്തവണ 56 പന്തില്‍ 98 റണ്‍സാണ് 36കാരന്‍ അടിച്ചെടുത്തത്. 11 ഫോറും 5 സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. രണ്ട് റണ്‍സിനു സെഞ്ച്വറി നഷ്ടമായതു മാത്രമാണ് അദ്ദേഹത്തെ നിരാശപ്പെടുത്തിയത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 46 റണ്‍സെടുത്തു രഹാനെയ്ക്കു മികച്ച പിന്തുണ നല്‍കിയതോടെ മുംബൈ അനായാസം ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ പൃഥ്വി ഷാ (8), സൂര്യകുമാര്‍ യാദവ് (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
നേരത്തെ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ (30), ശിവലിക് ശര്‍മ (36), അതിത് ഷെത് (22), ശാശ്വത് റാവത്ത് (33) എന്നിവരുടെ ബാറ്റിങാണ് ബറോഡയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യക്ക് തിളങ്ങാന്‍ സാധിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക