ബ്രിസ്‌ബെയ്ന്‍: മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന അവര്‍ അര്‍ധ സെഞ്ച്വറികളുമായി ക്രീസില്‍ നില്‍ക്കുന്ന മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്ഡ് എന്നിവരുടെ മികവിലാണ് പോരാട്ടം നയിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സ്മിത്ത് ഫോമിലേക്ക് മടങ്ങി വന്നതാണ് രണ്ടാം ദിനത്തില്‍ ഓസീസിനെ സന്തോഷിപ്പിക്കുന്നത്.
നിലവില്‍ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെന്ന നിലയില്‍. 93 റണ്‍സുമായി ട്രാവിസ് ഹെഡും 55 റണ്‍സുമായി സ്മിത്തും ക്രീസില്‍.
നൂറ് റണ്‍സ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. സ്മിത്ത് ഹെഡ് സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങള്‍ പാളി.
ബുംറയുടെ തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഓപ്പണിങ് ബാറ്റര്‍മാരായ ഉസ്മാന്‍ ഖവാജയും നതാന്‍ മക്‌സ്വീനിയും രണ്ടാം ദിനം തുടക്കം തന്നെ കീഴടങ്ങി. ഖവാജ 21 റണ്‍സും മക്‌സ്വീനി 9 റണ്‍സുമാണ് എടുത്തത്.
മഴ മൂലം ഇന്നലെ 13.2 ഓവര്‍ മാത്രമാണ് എറിയാന്‍ ആയത്. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് മൂന്ന് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ഖവാജയെയാണ് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടിച്ചാണ് ഖവാജ പുറത്തായത്. 38 റണ്‍സില്‍ വച്ചാണ് ഓസ്‌ട്രേലിയയുടെ രണ്ടാം വിക്കറ്റ് നഷ്ടമായത്.
ബുംറയുടെ പന്തില്‍ സ്ലിപ്പില്‍ കോഹ്ലി പിടിച്ചാണ് മക്‌സ്വീനി ഔട്ടായത്. ലാബുഷെയ്‌നും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 12 റണ്‍സ് എടുത്ത ലാബുഷെയ്‌നെ നിതീഷ് കുമാര്‍ റെഡ്ഡിയാണ് പുറത്താക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക