സ്പാനിഷ് ലാ ലിഗയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം ഒരിക്കല്‍ കൂടി റയല്‍ മാഡ്രിഡ് കളഞ്ഞു കുളിച്ചു. റയോ വാള്‍ക്കാനോയുമായുള്ള പോരാട്ടം സമനിലയില്‍ അവസാനിച്ചതോടെയാണ് റയലിനു ബാഴ്‌സയെ മറികടക്കാനുള്ള അവസരം നഷ്ടമായത്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ സീസണില്‍ ആദ്യമായി ബയേണ്‍ മ്യൂണിക്ക് തോറ്റു. മെയ്ന്‍സാണ് മുന്‍ ചാംപ്യന്‍മാരുടെ അപരാജിത കുതിപ്പിന് വിരാമമിട്ടത്.
പ്രീമിയര്‍ ലീഗില്‍ തലപ്പത്തുള്ള ലിവര്‍പൂള്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ഫുള്‍ഹാമിനോടു സമനില പിടിച്ച് രക്ഷപ്പെട്ടു. 17ാം മിനിറ്റിൽ ആൻഡ്രു റോബർട്സൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ലിവർപൂൾ 10 പേരുമായാണ് ശേഷിച്ച സമയം കളിച്ചത്. 2-2നാണ് പോരാട്ടം സമനിലയില്‍ പിരിഞ്ഞത്. 76ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ ഫുള്‍ഹാം 1-2നു മുന്നിലായിരുന്നു. 86ാം മിനിറ്റില്‍ ഡിഗോ ജോട്ടയുടെ ഗോളാണ് അവരെ ഒപ്പമെത്തിച്ച് രക്ഷപ്പെടുത്തിയത്.
ആഴ്‌സണലിനെ എവര്‍ട്ടന്‍ ഗോളടിക്കാന്‍ സമ്മതിച്ചില്ല. കടുത്ത ആക്രമണം അഴിച്ചുവിട്ട ആഴ്‌സണല്‍ 13 തവണയാണ് ഷോര്‍ട്ടുതിര്‍ത്തത്. അതില്‍ 5എണ്ണമായിരുന്നു ലക്ഷ്യത്തിലേക്ക് പക്ഷേ ഒന്നും ഫലം കണ്ടില്ല. ബാറിനു കീഴില്‍ എവര്‍ട്ടന്‍ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് അസാമാന്യ മികവിലായിരുന്നു. ആസ്റ്റന്‍ വില്ലയെ നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തം തട്ടകത്തില്‍ 2-1നാണ് പരാജയപ്പെടുത്തിയത്. ലെയ്സ്റ്റര്‍ സിറ്റിയെ ന്യൂകാസില്‍ 4-0ത്തിനാണ് തുരത്തിയത്.
രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷം 9 മിനിറ്റിനിടെ രണ്ട് ഗോള്‍ മടക്കി സമനില പിടിച്ചു. പിന്നാലെ മൂന്നാം ഗോളടിച്ച് മുന്നിലെത്തി. 12 മിനിറ്റിനുള്ളില്‍ മൂന്നാം ഗള്‍ വഴങ്ങി സമനിലയിലും കുരുങ്ങി. റയലിന്റെ എവേ പോരാട്ടത്തെ ഇങ്ങനെ ചുരുക്കാം. നഷ്ടം വിലപ്പെട്ട 2 പോയിന്‍റുകള്‍. 36 മിനിറ്റിനിടെ രണ്ട് ഗോള്‍ വഴങ്ങിയ റയല്‍ 39ാം മിനിറ്റില്‍ വാല്‍വര്‍ഡെയിലൂടെ തിരിച്ചടി ആരംഭിച്ചു. ആദ്യ പകുതി തീരുന്നതിനു മുന്‍പ് ജൂഡ് ബെല്ലിങ്ഹാം അവരെ ഒപ്പമെത്തിച്ചു. 56ാം മിനിറ്റില്‍ റോഡ്രിഗോയിലൂടെ മുന്നിലെത്തി. എന്നാല്‍ 64ാം മിനിറ്റില്‍ വാല്‍ക്കാനോ താരം പാലസോണ്‍ നേടിയ ഗോള്‍ റയലിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ കുതിപ്പിന് കടിഞ്ഞാണ്‍. മെയ്ന്‍സ് സ്വന്തം തട്ടകത്തില്‍ മുന്‍ ചാംപ്യന്‍മാരെ 2-1നു വീഴ്ത്തി. ഇരു പകുതികളിളായി ലി ജെ സങ് നേടിയ ഇരട്ട ഗോളുകളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. കടുത്ത ആക്രമണം നടത്തിയിട്ടും മെയ്ന്‍സ് പ്രതിരോധത്തിന്റെ കരുത്ത് ബയേണിനു തടസമായി. ലക്ഷ്യത്തിലേക്ക് ഒരേയൊരു തവണയാണ് അവര്‍ നിറയൊഴിച്ചത്. ലിറോയ് സനെ 87ാം മിനിറ്റില്‍ അതു ഗോളാക്കി മാറ്റി തോല്‍വി ഭാരം കുറച്ചു. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസന്‍ ഓഗ്‌സ്ബര്‍ഗിനെ വീഴ്ത്തി. 0-2നാണ് അവരുടെ ജയം. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബയേണിനു നിലവില്‍ ഭീഷണികളില്ല.
ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റെ മുന്നേറ്റം തുടരുന്നു. ഇന്നലെ അവര്‍ കഗ്ലിയാരിയെ എവേ പോരില്‍ വീഴ്ത്തി. 0-1നാണ് ജയം. മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള നാപ്പോളി ഇഡീനിസയെ വീഴ്ത്തി. ആദ്യ പകുതിയില്‍ 1-0ത്തിനു പിന്നില്‍ നിന്ന നാപ്പോളി രണ്ടാം പകുതിയില്‍ 3 ഗോള്‍ മടക്കിയാണ് തിരിച്ചു വരവ് വിജയം ആഘോഷിച്ചത്. പട്ടികയില്‍ അറ്റ്‌ലാന്റ ഒന്നാം സ്ഥാനത്തും നാപ്പോളി രണ്ടാമതും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക