സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ കിരീട ജേതാക്കളായപ്പോള്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് 21കാരനായ സൂര്യാംശ് ഷെഡ്‌ജെ. ടൂര്‍ണമെന്റില്‍ പുറത്താകാതെ രണ്ട് തവണയാണ് താരം 36 റണ്‍സ് നേടിയത്. വിദര്‍ഭയ്ക്കെതിരെ 12 പന്തുകളില്‍ നിന്ന് 36 റണ്‍സ് നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ കലാശ പോരാട്ടത്തില്‍ മധ്യപ്രദേശിനെതിരെ 15 പന്തില്‍ പുറത്താകാതെ 36 റണ്‍സ് നേടി.
മുംബൈയ്ക്ക് ജയിക്കാന്‍ 29 പന്തില്‍ നിന്ന് 65 റണ്‍സ് വേണ്ടിയിരുന്നു. ഈ സമയം ക്രീസില്‍ ഉണ്ടായിരുന്ന ഷെഡ്‌ജെ മൂന്ന് സിക്‌സും, മൂന്നു ഫോറും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്താണ് ടീമിനെ വിജയ തീരത്തെത്തിച്ചത്. പ്രതിഭയും പക്വതയും പ്രകടമാക്കുന്ന താരത്തിന്റെ ഇന്നിങ്‌സിന് ആരാധക പ്രശംസയും നേടി.
ടി20യില്‍ ഫിനിഷര്‍ ആകാന്‍ പരിചയസമ്പന്നര്‍ പോലും പാടുപെടുമ്പോഴാണ് ഈ മുംബൈ യുവ താരത്തില്‍ നിന്ന് മികച്ച ഇന്നിങ്‌സുകള്‍ പിറക്കുന്നത്. മുംബൈയ്ക്കായി ഏഴാം നമ്പറില്‍ ഇറങ്ങിയാണ് സൂര്യാംശ് കത്തിക്കയറിയത്. വെറും 15 ബോളില്‍ പുറത്താവാതെ താരം വാരിക്കൂട്ടിയത് 36 റണ്‍സാണ്. മൂന്നു വീതം ഫോറും സിക്സറുമുള്‍പ്പെടെയാണിത്.
വളരെ അനായാസം വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണ് സൂര്യാംശിനെ അപകടകാരിയാക്കി മാറ്റുന്നത്. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു ബൗളറെയും തല്ലിപ്പറത്താനുള്ള കൈക്കരുത്ത് വലംകൈയന്‍ ബാറ്റര്‍ക്കുണ്ട്.
സൂര്യാംശ് ഷെഡ്ഗെയുടെ കരിയറെടുത്താല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കായി ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. മൂന്നു ഫിഫ്റ്റികളടക്കം 343 റണ്‍സും താരം സ്‌കോര്‍ ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 99 റണ്‍സാണ്. ടി20യില്‍ ഒമ്പതു മല്‍സരങ്ങളാണ് സൂര്യാംശ് ഇതിനകം കളിച്ചത്. ഇവയെല്ലാം ഇത്തവണത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലുമാണ്. ടി20യില്‍ എട്ടു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക