ന്യൂഡല്‍ഹി: ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കും മക്കള്‍ക്കുമൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ് ലി ഉടന്‍ തന്നെ യുകെയിലേക്ക് താമസം മാറുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ തന്നെ ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കും മക്കള്‍ക്കുമൊപ്പം കോഹ് ലി കൂടുതല്‍ സമയം യുകെയില്‍ ചെലവഴിക്കുന്നത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. അതിനിടെയാണ് കുടുംബവുമൊന്നിച്ച് വിരാട് കോഹ് ലി ഉടന്‍ തന്നെ യുകെയിലേക്ക് പോകുമെന്നും അവിടെ സ്ഥിരതാമസം തുടങ്ങുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മയാണ് ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കും കുട്ടികള്‍ക്കുമൊപ്പം കോഹ് ലി യുകെയിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയത്. കോഹ് ലിയും അനുഷ്‌കയും ലണ്ടനില്‍ ഒരു വസ്തു സ്വന്തമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചതു മുതലാണ് അവര്‍ അവിടെ ധാരാളം സമയം ചെലവഴിക്കാന്‍ തുടങ്ങിയത്. 'വിരാട് തന്റെ മക്കള്‍ക്കും ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കുമൊപ്പം ലണ്ടനിലേക്ക് മാറാന്‍ പദ്ധതിയിടുന്നു. അവന്‍ ഇന്ത്യ വിട്ട് താമസിയാതെ മാറാന്‍ പോകുന്നു. ഇപ്പോള്‍, കോഹ്ലി ക്രിക്കറ്റിന് പുറമെ കുടുംബത്തോടൊപ്പമാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.'- രാജ്കുമാര്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ 36 വയസ്സുള്ള കോഹ്ലി അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ച് കഴിഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ടീമിനായി എത്രനാള്‍ കളിക്കുമെന്ന കാര്യത്തില്‍ താരം ഇതുവരെ മനസ് തുറന്നിട്ടില്ല. കഴിഞ്ഞ കുറെ നാളുകളായി ടെസ്റ്റില്‍ മോശം ഫോമിലായിരുന്നു കോഹ് ലി. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി കണ്ടെത്തി തന്റെ പ്രതിഭ മങ്ങിയിട്ടില്ലെന്ന സന്ദേശം അദ്ദേഹം നല്‍കി. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റിലും മൂന്നാമത്തെ ടെസ്റ്റിലും അദ്ദേഹം നിരാശപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക