വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരെ ഒന്നാം ഏകദിനത്തില്‍ മികച്ച വിജയ ലക്ഷ്യം മുന്നില്‍ വച്ച് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു.
ടോസ് നേടി വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ആദ്യ ആറ് മുന്‍നിര താരങ്ങള്‍ മികച്ച ബാറ്റിങുമായി കളം വാണു. 91 റണ്‍സെടുത്ത സ്മൃതി മന്ധാനയാണ് ടോപ് സ്‌കോറര്‍. താരം 102 പന്തില്‍ 13 ഫോറുകള്‍ സഹിതമാണ് ഇന്നിങ്‌സ്. 9 റണ്‍സില്‍ താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായതു മാത്രമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്.
അരങ്ങേറ്റ മത്സരം കളിച്ച സഹ ഓപ്പണര്‍ പ്രതിക റാവലും ആദ്യ അന്താരാഷ്ട്ര മത്സരം അവിസ്മരണീയമാക്കി. താരം 40 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്.
ഹര്‍ലീന്‍ ഡിയോള്‍ (44), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34), റിച്ച ഘോഷ് (13 പന്തില്‍ 26), ജെമിമ റോഡ്രിഗസ് (31) എന്നിവരും തിളങ്ങി. 14 റണ്‍സുമായി ദീപ്തി ശര്‍മ പുറത്താകാതെ നിന്നു. അവസാന ഓവറുകളിലാണ് ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായത്.
വിന്‍ഡീസിനായി സയ്ദ ജെയിംസ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് 2 വിക്കറ്റെടുത്തു. ദിയേന്ദ്ര ഡോട്ടിന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക