ഇന്ത്യയുടെ ലോക കിരീടം, ഷമറിന്റെ 7 വിക്കറ്റുകളും ലാറയുടെ കണ്ണുനീരും! 'ജോ'യ് ഫുള്‍ 'റൂട്ട്'....

2024ലെ ക്രിക്കറ്റ്
India's World Cup, Shamar's 7 wickets
ടി20 ലോക കിരീടവുമായി ഇന്ത്യഎക്സ്
Updated on

2024ല്‍ ക്രിക്കറ്റ് ലോകം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങളുടേയും വാഴ്ചകളുടേയും വീഴ്ചകളുടേയും നഷ്ടങ്ങളുടേയും കാഴ്ചകള്‍ കണ്ടാണ് കടന്നു പോകുന്നത്. ഇന്ത്യയുടെ 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ലോകകപ്പ് നേട്ടമാണ് അതില്‍ ശ്രദ്ധേയം. 1983, 2011 വര്‍ഷങ്ങളിലെ ഏകദിന ലോകകപ്പ്, 2007 പ്രഥമ ടി20 ലോകകപ്പ് നേട്ടങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ വീണ്ടുമെത്തിയത്.

2024ലെ ടി20 ലോകകപ്പാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ പിടിച്ചെടുത്തത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ആധികാരികമായി തകര്‍ത്തായിരുന്നു നേട്ടം. ഇരു ടീമുകളും അസാമാന്യ പ്രകടനങ്ങളുമായി ഫൈനലിലേക്ക് എത്തി എന്നതും ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കി. ഒരു ലോക പോരാട്ടത്തിന്റെ ഫൈനലിലേക്ക് ദക്ഷിണാഫ്രിക്ക ആദ്യമായി കടന്നെത്തി എന്നതും കലാശ പോരിനെ ശ്രദ്ധേയമാക്കി.

പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ്, അണ്ടര്‍ 19 ഏഷ്യാ കപ്പ് ടി20 കിരീടങ്ങള്‍ സ്വന്തമാക്കിയതും ഈ വര്‍ഷത്തെ ഇന്ത്യയുടെ നേട്ടങ്ങളാണ്. പുരുഷന്‍മാര്‍ക്കൊപ്പം വനിതാ ടി20 ലോകകപ്പ് കിരീടവും നേടി ഇരട്ട സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ പക്ഷേ നടന്നില്ല.

India's World Cup, Shamar's 7 wickets
ഇന്ത്യ ലോക ചാംപ്യൻമാർ, വിൻഡീസ് പേസർ ഷമർ ജോസഫ്എക്സ്

കാത്തിരിപ്പിനൊടുവില്‍...

2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനല്‍ വരെ ഉജ്ജ്വലമായി കളിച്ചെത്തിയ ഇന്ത്യക്ക് ഓസ്‌ട്രേലിയക്ക് മുന്നില്‍ കിരീടം അടിയറവ് വച്ചതിന്റെ നിരാശയായിരുന്നു ആ വര്‍ഷാവസനം. മാസങ്ങള്‍ക്കിപ്പുറം 2024ല്‍ ആ നിരാശയ്ക്ക് ഇന്ത്യ ടി20 ലോകകപ്പില്‍ ആശ്വാസം കണ്ടെത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിനു പരാജയപ്പെടുത്തിയാണ് രോഹിതും സംഘവും ലോക കിരീടം പിടിച്ചെടുത്തത്. വിന്‍ഡീസിലും അമേരിക്കയിലുമായി നടന്ന പോരിനു പിന്നാലെ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ടി20 ഫോര്‍മാറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതും 2024നെ ശ്രദ്ധേയമാക്കി.

ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് സമ്മാനിച്ച് പരിശീലകനെന്ന നിലയില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് അഭിമാന നേട്ടത്തോടെ പടിയിറങ്ങുന്നതും ഇത്തവണ കണ്ടു. പിന്നാലെ ഐപിഎല്‍ കിരീടത്തിലേക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിച്ചതിന്റെ മാസ്റ്റര്‍ മൈന്‍ഡുമായി ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയതും 2024 ഇന്ത്യന്‍ ടീമിലെ കാഴ്ചകളാണ്.

ടെസ്റ്റിലെ തിരിച്ചടി...

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ മികവ് കാണിച്ചപ്പോള്‍ ടെസ്റ്റില്‍ വര്‍ഷത്തിന്റെ രണ്ടാം പകുതി ഇന്ത്യക്ക് അത്ര സുഖകരമല്ല. ഇന്ത്യന്‍ മണ്ണിലെ ടെസ്റ്റിലെ അപ്രമാദിത്വത്തിന് വന്‍ തിരിച്ചടി നേരിട്ട കൊല്ലമാണിത്. ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ കളിക്കാനെത്തി 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരിയത് ടീം ഇന്ത്യക്ക് ക്ഷീണമായി. പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തി പെര്‍ത്തില്‍ ജയത്തോടെ തിരിച്ചെത്താന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും പിന്നീട് പിന്നാക്കം പോയി. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനത്തു നിന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

India's World Cup, Shamar's 7 wickets
യശസ്വി ജയ്സ്വാൾഎക്സ്

ജയ്‌സ്വാളിന്റെ ഡബിള്‍ സെഞ്ച്വറികള്‍

ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ തിളങ്ങിയ വര്‍ഷം. തുടരെ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ ഇംഗ്ലണ്ടിനെതിരെ താരം അടിച്ചെടുത്തു. 209, 214 റണ്‍സുകളാണ് താരം നേടിയത്. വിനോദ് ക്ലാംബ്ലിക്കും വിരാട് കോഹ്‌ലിക്കും ശേഷം തുടരെ രണ്ട് ടെസ്റ്റ് ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍ മാറുകയും ചെയ്തു. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരവും യശസ്വി ജയ്‌സ്വാള്‍ തന്നെ.

India's World Cup, Shamar's 7 wickets
ജോ റൂട്ട്എക്സ്

ഐതിഹാസിക റൂട്ട്...

ഇംഗ്ലണ്ട് ടെസ്റ്റ് ബാറ്റര്‍ ജോ റൂട്ടിന്റെ ഐതിഹാസിക വര്‍ഷമാണ് 2024ല്‍. ഫോമിന്റെ പരകോടിയിലാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇത്തവണ ടെസ്റ്റില്‍ ബാറ്റ് വീശിയത്. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് റൂട്ട്. 6 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1556 റണ്‍സാണ് താരം അടിച്ചെടുത്തത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റര്‍, 5 കലണ്ടര്‍ വര്‍ഷങ്ങളില്‍ ടെസ്റ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡില്‍ സച്ചിനു പിന്നില്‍ രണ്ടാം സ്ഥാനം തുടങ്ങിയ നേട്ടങ്ങളും താരം ഈ വര്‍ഷം സ്വന്തമാക്കി.

വിന്‍ഡീസിന്റെ ആ ടെസ്റ്റ് ജയം...

നീണ്ട ഇടവേളയ്ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചതിനു 2024 സാക്ഷ്യം വഹിച്ചു. ഷമര്‍ ജോസഫെന്ന 24കാരന്റെ അപ്രതീക്ഷിത പേസിനു മുന്നില്‍ ഓസീസ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ 20 വര്‍ഷത്തിനു മുകളിലായി വിന്‍ഡീസ് കാത്തിരുന്ന ആ ടെസ്റ്റ് വിജയം സാധ്യമായി. കമന്ററി ബോക്‌സില്‍ വിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയും ആ സമയത്ത് കളി പറയുന്നുണ്ടായിരുന്നു. ആദം ഗില്‍ക്രിസ്റ്റിനെ ചേര്‍ത്തു പിടിച്ച് ലാറ സന്തോഷ കണ്ണീര്‍ പൊഴിച്ചതും മായാത്ത ഓര്‍മയാണ്.

7 വിക്കറ്റുകള്‍ പിഴുതാണ് ബ്രിസ്‌ബെയ്‌നില്‍ ഷമര്‍ ജോസഫ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. പരമ്പരയിലെ രണ്ടാം പോരില്‍ പരിക്കിന്റെ പിടിയില്‍ നില്‍ക്കെയാണ് താരം പന്തെറിഞ്ഞത്. വിന്‍ഡീസിനു 8 റണ്‍സിന്റെ ത്രില്ലര്‍ ജയമാണ് താരം സമ്മാനിച്ചത്. 2 മത്സരങ്ങളടങ്ങിയ പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിച്ചാണ് വിന്‍ഡീസ് ഓസീസ് മണ്ണില്‍ നിന്നു മടങ്ങിയത്.

India's World Cup, Shamar's 7 wickets
സെമിയിലെത്തിയത് ആഘോഷിക്കുന്ന അഫ്ഗാൻ ടീംഎക്സ്

സെമിയിലെ അഫ്ഗാന്‍...

അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമിയിലേക്ക് പ്രവേശിച്ചത് 2024ലെ ത്രില്ലിങ് ക്രിക്കറ്റ് മൊമന്റുകളില്‍ ഒന്നാണ്. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ പുകഴ്‌പെറ്റ ഓസീസ് നിരയെ അടിച്ചു നിലംപരിശാക്കി 21 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായാണ് അഫ്ഗാന്‍ സെമിയിലേക്ക് മുന്നേറിയത്. ലോകകപ്പിലെ അവരുടെ ഏറ്റവും മികച്ച നേട്ടം ആ രാജ്യം തെരുവിലിറങ്ങി ആഘോഷിച്ചതും ഈ വര്‍ഷത്തെ ആനന്ദ കാഴ്ചയായി.

India's World Cup, Shamar's 7 wickets
ആർ അശ്വിൻഎക്സ്

തീരാ ഓര്‍മകള്‍...

യുഎസ്എ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ചതും വനിതാ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നേടിയതും ഈ വര്‍ഷത്തെ ശ്രദ്ധേയ ക്രിക്കറ്റ് നിമിഷങ്ങളാണ്. ടി20 ലോകകപ്പില്‍ തുടരെ രണ്ട് ഹാട്രിക്ക് നേടി പാറ്റ് കമ്മിന്‍സും 2024ല്‍ ശ്രദ്ധേയനായി. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെയാണ് താരത്തിന്റെ പ്രകടനം. വനിതാ ടി20 ലോകകപ്പ് കിരീടത്തില്‍ ന്യൂസിലന്‍ഡ് കന്നി മുത്തമിട്ടതും ഈ വര്‍ഷം കണ്ടു.

ഇന്ത്യയുടെ ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, ദിനേഷ് കാര്‍ത്തിക്, ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഇംഗ്ലണ്ടിന്റെ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍, ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി തുടങ്ങിയവരെല്ലാം അവരുടെ സമ്മോഹനമായ ക്രിക്കറ്റ് കരിയറിന് വിരാമം കുറിയ്ക്കുന്നതും ആരാധകര്‍ കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com