2024 ലോക ടെന്നീസിനെ സംബന്ധിച്ച് തലമുറ മാറ്റത്തിന്റെ കാലം കൂടിയായി മാറി. സീസണിലെ നാല് ഗ്രാന്‍ഡ് സ്ലാം പോരിലും യുവ താരങ്ങളുടെ വാഴ്ചയാണ് കണ്ടത്. ഓസ്‌ട്രേലിയന്‍ ഓപ്പണും യുഎസ് ഓപ്പണും ഇറ്റാലിയന്‍ താരം യാന്നിക് സിന്നര്‍ സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസും നേടി.
വനിതാ വിഭാഗത്തില്‍ നാല് ഗ്രാന്‍ഡ് സ്ലാമില്‍ രണ്ടെണ്ണം അരിന സബലേങ്കയ്ക്കാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍. ഫ്രഞ്ച് ഓപ്പണ്‍ ഇഗ സ്വിയറ്റെകും വിംബിള്‍ഡണ്‍ ബാര്‍ബറ ക്രജിക്കോവയും സ്വന്തമാക്കി.
ജോക്കോവിചിന്റെ കാത്തിരിപ്പ്
ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിചിന്റെ 25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന ചരിത്ര നേട്ടത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. 2025ലും താരം ഈ നേട്ടത്തിനായി ശ്രമിക്കും. 2024ല്‍ വിംബിള്‍ഡണ്‍ പോരാട്ടത്തിന്റെ ഫൈനല്‍ വരെ എത്താന്‍ ജോക്കോയ്ക്ക് സാധിച്ചെങ്കിലും യുവ താരം കാര്‍ലോസ് അല്‍ക്കരാസിനു മുന്നില്‍ തോല്‍ക്കാനായിരുന്നു യോഗം.
ഗോള്‍ഡന്‍ സ്ലാം
ഒളിംപിക്‌സ് സ്വര്‍ണം സ്വന്തമാക്കി ജോക്കോവിച് ഗോള്‍ഡന്‍ സ്ലാം അടിച്ചത് ശ്രദ്ധേയമായി. ഫൈനലില്‍ അല്‍ക്കരാസിനെ വീഴ്ത്തിയാണ് നേട്ടം.
നദാലിസത്തിന്റെ വിരാമം
22 ഗ്രാന്‍ഡ് സ്ലാം തിളക്കങ്ങളുടെ അവിസ്മരണീയ നിമിഷങ്ങള്‍ ലോക ടെന്നീസിനു സമ്മാനിച്ചാണ് 38ാം വയസില്‍ റാഫേല്‍ നദാല്‍ തന്റെ ഐതിഹാസിക ടെന്നീസ് യാത്രയ്ക്ക് 2024ല്‍ വിരാമമിട്ടത്. ടെന്നീസ് കോര്‍ട്ടിലെ സമാനതകളില്ലാത്ത ധീരതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു നദാല്‍. കളിമണ്‍ കോര്‍ട്ടില്‍ പകരക്കാരന്‍ ഇല്ലാത്ത ചക്രവര്‍ത്തിയായി വിരാജിച്ച അതിമാനുഷന്‍.
14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ് നദാല്‍ റോളണ്ട് ഗാരോസില്‍ നിന്നു നേടിയത്. 2005ലാണ് നദാല്‍ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കീരിടം ചൂടിയത്. അവസാനമായി 2022ലും.
2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ സിംഗിള്‍സ് സ്വര്‍ണവും 2016ലെ റിയോ ഒളിംപിക്സില്‍ ഡബിള്‍സ് സ്വര്‍ണവും നേടിയ നദാല്‍, ഈ വര്‍ഷം നടന്ന പാരിസ് ഒളിംപിക്സില്‍ മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാനാകാതെ പുറത്തായി.
പടിയിറങ്ങി മറെയും
പാരിസ് ഒളിംപിക്‌സിനു പിന്നാലെ ബ്രീട്ടിഷ് സൂപ്പര്‍ താരം ആന്‍ഡി മറെയും 2024ല്‍ ടെന്നീസ് മതിയാക്കി. ഒരു കാലത്ത് ഫെഡറര്‍, നദാല്‍, മറെ, ജോക്കോവിച് സഖ്യം ടെന്നീസിലെ ഫാബുലസ് ഫോര്‍ എന്നറിയപ്പെട്ടിരുന്നു. ആ നിരയില്‍ ഇനി ശേഷിക്കുന്നത് ജോക്കോവിച് മാത്രം.
ലണ്ടന്‍ ഒളിംപിക്‌സ് സിംഗിള്‍സ് സ്വര്‍ണം നേടിയ മറെ 2016-ല്‍ അത് നിലനിര്‍ത്തുകയും ചെയ്തു. ആദ്യമായാണ് ഒരു ബ്രിട്ടീഷ് ടെന്നീസ് താരം രണ്ട് തവണ ഒളിംപിക്സ് സ്വര്‍ണം സ്വന്തമാക്കിയത്. 2012-ല്‍ ഡബിള്‍സില്‍ വെള്ളിയും നേടിയിട്ടുണ്ട്
മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ മറെയെ പക്ഷേ 2019 മുതല്‍ പരിക്കുകള്‍ അലട്ടി തുടങ്ങി. താരത്തിന് പഴയ ഫോമിലേക്ക് തിരിച്ചെത്താനായില്ല. രണ്ട് തവണ വിംബിള്‍ഡണ്‍ കിരീടവും മറെ നേടി. ഒരു തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും അഞ്ചു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിച്ചെങ്കിലും മറെയ്ക്ക് കിരീടം നേടാനായില്ല.
ബൊപ്പണ്ണയും കളം വിട്ടു
ലിയാണ്ടര്‍ പെയ്‌സ് മഹേഷ് ഭൂപതി കാലത്തു തുടങ്ങി പിന്നീട് അവര്‍ക്ക് ശേഷവും ഇന്ത്യന്‍ ടെന്നീസിന്റെ മുഖമായിരുന്ന രോഹന്‍ ബൊപ്പണ്ണയുടെ കളം വിടലും 2024ലെ ടെന്നീസ് ഓര്‍മയാണ്. കരിയറിലെ ആദ്യ ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം 44ാം വയസില്‍ സ്വന്തമാക്കിയാണ് ബൊപ്പണ്ണ കരിയര്‍ അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയം. 2024ന്റെ തുടക്കത്തില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് മാത്യു എബ്ഡനൊപ്പം ബൊപ്പണ്ണ നേടിയത്. 2017ല്‍ മിക്‌സഡ് ഡബിള്‍സില്‍ ഗബ്രിയേല ഡബ്‌രോവ്‌സ്‌കിക്കൊപ്പം നേടിയ കിരീടമാണ് കന്നി ഗ്രാന്‍ഡ് സ്ലാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക