മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍. ശ്രദ്ധയോടെ ബാറ്റ് വീശിയ ജയ്‌സ്വാള്‍ റണ്‍ ഔട്ടായതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ മൂന്ന് വിക്കറ്റുകള്‍ തുടരെ വീഴുകയായിരുന്നു 116 പന്തില്‍ 82 റണ്‍സുമായി നില്‍ക്കുന്നതിനിടെയാണ് ജയ്‌സ്വള്‍ കൂടാരം കയറിയത്. സിംഗിള്‍ ഓടാന്‍ ശ്രമിക്കുന്നതിനിടെ കോഹ്‌ലിയും ജയ്‌സ്വാളും തമ്മിലുണ്ടായ ധാരണപ്പിശകാണ് റണ്‍ ഔട്ടില്‍ കലാശിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 102 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി
ഓസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായി 474 റണ്‍സിനൊപ്പമെത്താന്‍ ഇന്ത്യക്ക് 310 റണ്‍സ് കൂടി വേണം. ഫോളോ ഓണ്‍ ഒഴിവാക്കമമെങ്കില്‍ 111 റണ്‍സ് വേണം. രണ്ട് വിക്കറ്റിന് 153 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യന്‍ ടീം. പിന്നാലെ നാലോവറില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് വീണത്. നൈറ്റ് വാച്ച്മാനായി ആകാശ്ദീപിനെ ഇറക്കിയ കോച്ച് ഗംഭീറിന്റെ തീരുമാനവും തെറ്റി. അഞ്ച് മിനിറ്റില്‍ താഴെ മാത്രം ക്രീസില്‍ നിന്ന അകാശ് ദീപ് സുംപൂജ്യനായി മടങ്ങി. പിന്നാലെ കോഹ് ലിയും മടങ്ങി. നായകന്‍ രോഹിത്തിന്റെയും കെഎല്‍ രാഹുലിന്റെയും വിക്കറ്റുകള്‍ ചായ്ക്ക് പിരിയും മുന്‍പേ വീണിരുന്നു.
പാറ്റ് കമ്മിന്‍സും ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 474 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ബുംറ നാലുവിക്കറ്റ് നേടി. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം സ്മിത്തിന്റെ സെഞ്ച്വറിയാണ് തിളക്കം പകര്‍ന്നത്. 197 പന്തില്‍ 140 റണ്‍സെടുത്ത സ്മിത്തിനെ ആകാശ് ദീപ് ആണ് പുറത്താക്കിയത്. വാലറ്റത്ത് പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് നിര്‍ണായകമായത്.
ആദ്യ ദിവസം ആറു വിക്കറ്റ് നഷ്ടത്തില്‍ 86 ഓവറില്‍ 311 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. 63 പന്തില്‍ 49 റണ്‍സെടുത്ത ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് വെള്ളിയാഴ്ച ആദ്യം പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ നിതീഷ് റെഡ്ഡി ക്യാച്ചെടുത്തായിരുന്നു കമിന്‍സിന്റെ മടക്കം.സാം കോണ്‍സ്റ്റാസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), മാര്‍നസ് ലബുഷെയ്ന്‍ (145 പന്തില്‍ 72), ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചല്‍ മാര്‍ഷ് (13 പന്തില്‍ നാല്), അലക്‌സ് ക്യാരി (41 പന്തില്‍ 31), മിച്ചല്‍ സ്റ്റാര്‍ക്ക് 15 എന്നിവരാണു പുറത്തായ ബാറ്റര്‍മാര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക