500ല്‍ ഏറെ സിക്സുകള്‍, പിറക്കാതെ പോയ സെഞ്ച്വറി, ബുംറയുടെ ഇക്കണോമി നിരക്ക്; ടി 20 ലോകകപ്പിലെ 13 റെക്കോര്‍‍ഡുകള്‍

നിരവധി റെക്കോര്‍ഡുകള്‍ എഴുതി ചേര്‍ത്താണ് ഇത്തവണത്തെ ടി20 ലോകകപ്പ് അവസാനിച്ചത്
 Jasprit Bumrah
കിരീടം ഉയർത്തി ബുംറയുടെ ആഹ്ലാദ പ്രകടനംഎപി/ ഫയൽ

നിരവധി റെക്കോര്‍ഡുകള്‍ എഴുതി ചേര്‍ത്താണ് ഇത്തവണത്തെ ടി20 ലോകകപ്പ് അവസാനിച്ചത്. ഏറ്റവുമധികം സിക്‌സുകള്‍, ഇന്ത്യന്‍ പേസര്‍ ബുംറയുടെ ഇക്കണോമി റേറ്റ് അടക്കം നിരവധി റെക്കോര്‍ഡുകള്‍ പിറന്ന ടൂര്‍ണമെന്റായിരുന്നു ഇത്. ഇവയില്‍ ചിലത് നോക്കാം.

1. ടൂര്‍ണമെന്റിലെ മൊത്തത്തിലുള്ള റണ്‍ നിരക്ക് 7.09 ആണ്. ഏതൊരു പുരുഷ ടി20 ലോകകപ്പിലെയും ഏറ്റവും കുറഞ്ഞ റണ്‍ നിരക്കാണിത്. 2021 ലോകകപ്പിലെ ഒരു ഓവറില്‍ ശരാശരി വിട്ടുകൊടുത്തത് 7.43 റണ്‍സ് എന്ന മുന്‍ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

2. ലോകകപ്പില്‍ 517 സിക്‌സുകളാണ് പിറന്നത്. ലോകകപ്പില്‍ 500ലധികം സിക്സുകള്‍ പിറക്കുന്നത് ആദ്യം. 2021 ലോകകപ്പില്‍ പിറന്ന 405 സിക്സുകളായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. 21.35 പന്തില്‍ ശരാശരി ഒരു സിക്‌സ് വീതമാണ് പിറന്നത്.

3. ടി20 ലോകകപ്പില്‍ ഒരു തോല്‍വി പോലും ഏറ്റുവാങ്ങാതെ ജയിച്ച് മുന്നേറിയ ഒരേയൊരു ടീം ഇന്ത്യയാണ്. തുടര്‍ച്ചയായി എട്ട് വിജയങ്ങള്‍. അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, യുഎസ്എ എന്നിവയ്ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവയ്ക്കെതിരെയും സെമിഫൈനലിലും ഫൈനലിലും ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയുമാണ് ഇന്ത്യ തോല്‍പ്പിച്ചത്.

4. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറി പോലും ആര്‍ക്കും അടിക്കാന്‍ കഴിയാതെ പോയ രണ്ടാമത്തെ ഐസിസി ടി20 ലോകകപ്പാണ് 2024ലേത്. അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരന്റെ 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതിന് മുന്‍പ് 2009 ലോകകപ്പിലാണ് സെഞ്ച്വറി പിറക്കാതിരുന്നത്. ശ്രീലങ്കയുടെ ദില്‍ഷന്‍ സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 96 റണ്‍സ് നേടിയതാണ് അന്നത്തെ ടോപ് സ്‌കോര്‍.

5. ടൂര്‍ണമെന്റില്‍ ബൗളര്‍മാരുടെ ആധിപത്യ നിലവാരം കാണിച്ച് 19 തവണയാണ് നാലുവിക്കറ്റ് നേട്ടം കൊയ്തത്. പുരുഷ ടി20 ലോകകപ്പിലെ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണിത്. 2021 ലോകകപ്പില്‍ 14 തവണ നാലുവിക്കറ്റ് നേട്ടം കൊയ്തതാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്.

6. പേസര്‍ ജസ്പ്രീത് ബുംറയുടെ ഇക്കോണമി നിരക്കും റെക്കോര്‍ഡ് ആണ്. 4.17. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരൊറ്റ പതിപ്പില്‍ 100ലധികം പന്തുകള്‍ എറിഞ്ഞ ഏതൊരൊളെ സംബന്ധിച്ചും എക്കാലത്തെയും മികച്ച നേട്ടമാണ് ബുംറയുടേത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലു ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് ബുംറ ഒരു വിക്കറ്റ് നേടിയതാണ് ഇതില്‍ ഒരു അപവാദം.

7. ടൂര്‍ണമെന്റില്‍ ബുംറ 15 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് സിക്സുകളും 12 ബൗണ്ടറികളുമാണ് വിട്ടുകൊടുത്തത്.

8. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഋഷഭ് പന്ത് പുറത്താക്കിയവരുടെ എണ്ണം 14. 13 ക്യാച്ചും ഒരു സ്റ്റമ്പിങും. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു പതിപ്പില്‍ ഒരു വിക്കറ്റ് കീപ്പറുടെ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണിത്.

9. ഈ ലോകകപ്പില്‍ അര്‍ഷ്ദീപ് സിംഗ്, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ക്ക് കിട്ടിയ വിക്കറ്റുകള്‍ 17. ലോകകപ്പ് ചരിത്രത്തില്‍ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയതിന്റെ നേട്ടമാണ് ഇരുവരും പങ്കുവെച്ചത്. 2021ല്‍ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയുടെ 16 വിക്കറ്റ് നേട്ടമാണ് മറികടന്നത്

10. ഒരു കളിക്കാരനെന്ന നിലയിലും (2007ല്‍) ക്യാപ്റ്റനെന്ന നിലയിലും ലോകകപ്പ് ഉയര്‍ത്തിയ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞ ഏക താരമാണ് രോഹിത് ശര്‍മ. 2012ലും 2016ലും വെസ്റ്റ് ഇന്‍ഡീസിന്റെ ഡാരന്‍ സമി ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിന് കിരീടം നേടി കൊടുത്തു. മര്‍ലോണ്‍ സാമുവല്‍സ്, ക്രിസ് ഗെയ്ല്‍, ജോണ്‍സണ്‍ ചാള്‍സ്, ഡ്വെയ്ന്‍ ബ്രാവോ അടക്കം നിരവധി കളിക്കാര്‍ ഈ രണ്ട് കിരീടം നേട്ടത്തിന്റെയും ഭാഗമായി.

11. ന്യൂസിലന്‍ഡ്- ഉഗാണ്ട മത്സരത്തില്‍ ഒറ്റ സിക്‌സും പിറന്നില്ല. സിക്‌സുകളില്ലാത്ത മൂന്നാമത്തെ പുരുഷ ടി20 ലോകകപ്പ് മത്സരമായി ഇത് മാറി. 2012ല്‍ ദക്ഷിണാഫ്രിക്കയും സിംബാബ്വെയും തമ്മിലുള്ള മത്സരം, 2022ല്‍ പെര്‍ത്തില്‍ നെതര്‍ലാന്‍ഡ്സും പാകിസ്ഥാനും തമ്മിലുള്ള മത്സരം എന്നിവയാണ് മറ്റു രണ്ടു ടി20 ലോകകപ്പ് മത്സരങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

12. ലോകകപ്പില്‍ മൊത്തം 171 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്. ഒരു ഫിഫ്റ്റി പോലുമില്ലാതെ ഒരൊറ്റ പതിപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍സാണിത്. 2014ല്‍ 184 റണ്‍സ് നേടിയ ബംഗ്ലാദേശിന്റെ അനമുല്‍ ഹക്കാണ് ഒന്നാമത്. പുറത്താകാതെ നേടിയ 44 ആയിരുന്നു അദ്ദേഹത്തിന്റെ ടോപ് സ്‌കോര്‍. പാകിസ്ഥാനെതിരെ നേടിയ 42 റണ്‍സാണ് പന്തിന്റെ മികച്ച സ്‌കോര്‍.

13. ഈ ലോകകപ്പില്‍ സിക്സ് വഴങ്ങാതെ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞത് പാകിസ്ഥാന്റെ വെറ്ററന്‍ പേസര്‍ മുഹമ്മദ് അമീറാണ്. സിക്‌സ് വഴങ്ങാതെ 96 പന്തുകളാണ് എറിഞ്ഞത്. പുരുഷന്മാരുടെ ടി 20 ലോകകപ്പിന്റെ രണ്ട് വ്യത്യസ്ത പതിപ്പുകളില്‍ (കുറഞ്ഞത് പത്ത് ഓവറുകള്‍) സിക്സ് വഴങ്ങാത്ത ആദ്യ ബൗളര്‍ എന്ന അതുല്യ നേട്ടമാണ് അമീര്‍ നേടിയത്. 2010 ല്‍ അദ്ദേഹം സിക്‌സ് വഴങ്ങാതെ 139 പന്തുകളാണ് എറിഞ്ഞത്. 2009 ല്‍ ഉമര്‍ ഗുളിന്റെ സിക്‌സ് വഴങ്ങാതെ 147 പന്തുകള്‍ക്ക് പിന്നില്‍ രണ്ടാമത്തെ ബൗളറായി അമീര്‍ മാറി.

 Jasprit Bumrah
കോപ്പയില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി; ബ്രസീലിന് എതിരാളി ഉറുഗ്വെ; അര്‍ജന്റീന - ഇക്വഡോര്‍ മത്സരം വെള്ളിയാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com