'നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഇരുന്നാല്‍ പോരെ'- പാക് ടീമിനെതിരെ അക്രം, വഖാര്‍

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ തോറ്റത് ഉള്‍ക്കൊള്ളാനാകാതെ മുന്‍ നായകന്‍മാരും
T20 World Cup,  IND v PAK
മുഹമ്മദ് റിസ്വാന്‍പിടിഐ

ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന്‍ വഴങ്ങിയ തോല്‍വി ഉള്‍ക്കൊള്ളാനാകാതെ മുന്‍ നായകന്‍മാരും പേസ് ഇതിഹാസങ്ങളുമായ വസിം അക്രമും, വഖാന്‍ യൂനിസും. കൈയിലിരുന്ന മത്സരം ഈ തരത്തില്‍ കൈവിട്ടതാണ് ഇരുവരേയും നിരാശയിലാക്കിയത്.

ഇന്ത്യ 119 റണ്‍സ് മാത്രാണ് ബോര്‍ഡില്‍ ചേര്‍ത്തത്. പാകിസ്ഥാന്‍ ആകട്ടെ 12 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയില്‍ അവിശ്വസനീയമാം വിധം പരാജയപ്പെടുകയായിരുന്നു.

'ദയനീയ ബാറ്റിങുമായി സത്യത്തില്‍ ഇന്ത്യ പാകിസ്ഥനു ജയിക്കാനുള്ള അവസരം സമ്മാനിക്കുകയാണ് ഉണ്ടായത്. സാധാരണ നിലയില്‍ 140-150 വരെ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന സംഘമാണ് ഇന്ത്യയുടേത്.'

'ബാറ്റിങ് പരാജയമായെങ്കിലും ഇന്ത്യ സന്തുലിതമായ ടീമാണ്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തില്ലെങ്കില്‍ പോലും അവര്‍ക്കറിയാം ബുംറയും സിറാജും ജഡേജയും ചേരുന്ന ബൗളിങ് നിരയും ഒപ്പം ഫീല്‍ഡര്‍മാരും ചേര്‍ന്നു ടീമിനെ വിജയിപ്പിക്കുമെന്നു. അതുകൊണ്ടാണ് അവര്‍ സൂപ്പര്‍ ടീമാകുന്നത്.'

'ഈ കളി പോലും നിങ്ങള്‍ക്ക് ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചു എന്തുപറയാനാണ്. തളികയില്‍ വച്ചു നീട്ടിയ മത്സരമാണ് ഈ നിലയ്ക്ക് ടീം വിണുപോയത്. പാക് ടീമിന്റെ ബാറ്റിങ് പരമ ദയനീയം. തുടക്കത്തില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയെങ്കിലും അതൊന്നും പക്ഷേ നീണ്ടില്ല.'

'ഒരു പന്തില്‍ ഒരു റണ്‍സെന്ന നിലയില്‍ സാവധാനം കളിച്ചാലും ലക്ഷ്യം പിടിക്കാമെന്നിരിക്കെ മുഹമ്മദ് റിസ്വാനെ ബുംറ പുറത്താക്കിയതാണ് കളിയിലെ ട്വിസ്റ്റ്. അനാവശ്യമായ ഷോട്ടാണ് ആ സമയത്ത് റിസ്വാന്‍ കളിക്കാന്‍ ശ്രമിച്ചത്. എനിക്കുറപ്പുണ്ടായിരുന്നു എന്തെങ്കിലും സവിശേഷമായി കളത്തില്‍ സംഭവിക്കുമെന്നു. കാരണം ബുംറയ്ക്കും സിറാജിനും അത്തരത്തിലുള്ള നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പ് കൂടുതലുണ്ട്- വഖാര്‍ വ്യക്തമാക്കി. '

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വസിം അക്രവും രൂക്ഷമായാണ് പ്രതികരിച്ചത്. പാക് താരങ്ങളെ ഇനിയും കളി പഠിപ്പിക്കാന്‍ സാധിക്കില്ലെന്നു അക്രം പറഞ്ഞു.

'പത്ത് വര്‍ഷമായി ഇവരില്‍ മിക്ക താരങ്ങളും അന്താരാഷ്ട്ര മത്സരം കളിക്കുന്നുണ്ട്. അവരെ ഇനിയും ക്രിക്കറ്റ് പഠിപ്പിക്കാന്‍ സാധിക്കില്ല. റിസ്വാന് കളിയെക്കുറിച്ചു ഒരു ബോധവുമില്ല. ബുംറ പന്തെറിയാന്‍ വരുമ്പോള്‍ സ്വയം മനസിലാക്കണം, ഇന്ത്യന്‍ താരം വരുന്നത് വിക്കറ്റെടുക്കാനാണെന്നു. അപ്പോള്‍ കരുതലോടെ വിക്കറ്റ് കളയാതെ കളിക്കണം. എന്നാല്‍ റിസ്വാന്‍ വലിയ ഷോട്ടിനു ശ്രമിച്ചു വിക്കറ്റ് നഷ്ടപ്പെടുത്തി.'

'ഇഫ്തിഖര്‍ അഹമ്മദിനു ലെഗ് സൈഡില്‍ ഒരു ഷോട്ട് കളിക്കാനറിയാം. വര്‍ഷങ്ങളായി ടീമിലുണ്ട്. ഈയൊരു ഷോട്ട് അല്ലാതെ താരത്തിനു മറ്റൊന്നും കളിക്കാന്‍ അറിയില്ല. മത്സരത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ഫഖര്‍ സമാനോടു പറയാന്‍ സാധിക്കില്ല. മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും പരിശീലകരെ ടീമില്‍ നിന്നു പറത്താക്കിക്കിക്കോളുമെന്നും താരങ്ങള്‍ കരുതുന്നു. ഞാന്‍ പറയുന്നത് പരിശീലകരെ നിലനിര്‍ത്തി ഈ താരങ്ങളെ മുഴുവന്‍ ഒഴിവാക്കി പാകിസ്ഥാന്‍ പുതിയ ടീം രൂപീകരിക്കണം.'

'ഷഹീന്‍ അഫ്രീദിയടക്കം ടീമിലെ പല താരങ്ങളും പരസ്പരം സംസാരിക്കാറില്ല. ഇതു അന്താരാഷ്ട്ര ക്രിക്കറ്റാണ്. നിങ്ങള്‍ രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നത്. ഇനി അതു സാധിക്കുന്നില്ലെങ്കില്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് നല്ലത്- അക്രം തുറന്നടിച്ചു.

T20 World Cup,  IND v PAK
കോഹ്‌ലി ഔട്ടായപ്പോള്‍ സങ്കടം, ഇന്ത്യ ജയിച്ചപ്പോള്‍ ആഹ്ലാദം! വൈറലായി അമേരിക്കന്‍ യുട്യൂബര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com