3 ദിവസത്തിനിടെ 2 ഹാട്രിക്ക്! കമ്മിന്‍സ് എഴുതിയ പുതു ചരിത്രം

ടി20 ഫോര്‍മാറ്റില്‍ രണ്ട് തവണ ഹാട്രിക്ക് വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ ബൗളര്‍
3 ദിവസത്തിനിടെ 2 ഹാട്രിക്ക്! കമ്മിന്‍സ് എഴുതിയ പുതു ചരിത്രം

കിങ്‌സ്റ്റന്‍: ടി20 ലോകകപ്പില്‍ തുടരെ രണ്ടാം മത്സരത്തിലും ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തി ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ ടെസ്റ്റ്, ഏകദിന നായകനും പേസറുമായ പാറ്റ് കമ്മിന്‍സ്. ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഹാട്രിക്ക് സ്വന്തമാക്കിയ കമ്മിന്‍സ് സൂപ്പര്‍ 8ലെ രണ്ടാം പോരില്‍ അഫ്ഗാനിസ്ഥാനെതിരേയും സമാന നേട്ടം സ്വന്തമാക്കി.

കരിം ജാനത്, റാഷിദ് ഖാന്‍, ഗുല്‍ബദിന്‍ നയ്ബ് എന്നിവരെ മടക്കിയാണ് കമ്മിന്‍സ് നേട്ടത്തിലെത്തിയത്. ഇതോടെ ടി20 ലോകകപ്പില്‍ തുടരെ രണ്ട് വട്ടം ഹാട്രിക്ക് വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡും താരം സ്വന്തമാക്കി.

ഒപ്പം മറ്റൊരു നേട്ടവും. അന്താരാഷ്ട്ര ടി20 യില്‍ രണ്ട് വട്ടം ഹാട്രിക്ക് വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ ബൗളറായും കമ്മിന്‍സ് മാറി.

18ാം ഓവറിന്റെ അവസാന പന്തില്‍ റാഷിദ് ഖാനെയാണ് കമ്മിന്‍സ് ആദ്യം മടക്കിയത്. 20ാം ഓവര്‍ എറിയാന്‍ വീണ്ടുമെത്തിയ കമ്മിന്‍സ് ആദ്യ പന്തില്‍ കരിം ജാനതിനേയും രണ്ടാം പന്തില്‍ നയ്ബിനേയും പുറത്താക്കിയാണ് ഹാട്രിക്ക് തികച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തുടരെ നാല് പന്തില്‍ നാല് വിക്കറ്റുകളെന്ന വിക്കറ്റ് നേട്ടത്തിനിരികിലും കമ്മിന്‍സ് ഒരുവേള എത്തിയിരുന്നു. 20ാം ഓവറിന്റെ മൂന്നാം പന്തില്‍ അഫ്ഗാന്‍ താരം നന്‍ഗെയാലിയ ഖരോതെയുടെ ക്യാച്ച് വാര്‍ണര്‍ വിട്ടുകളഞ്ഞതോടെ നേട്ടം നഷ്ടമായി. 2021ലെ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിന്റെ കുര്‍ടിസ് കാംഫര്‍ തുടരെ നാല് വിക്കറ്റ് വീഴ്ത്തിയതിന്റെ നേട്ടത്തിനൊപ്പം കമ്മിന്‍സും എത്തുമായിരുന്നു.

ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ, ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി, സെര്‍ബിയയുടെ മാര്‍ക് പാവ്‌ലോവിച്, മാള്‍ട്ടയുടെ വസീം അബ്ബാസ് എന്നിവരാണ് ടി20 ഫോര്‍മാറ്റില്‍ രണ്ട് തവണ ഹാട്രിക്ക് നേരത്തെ സ്വന്തമാക്കിയ താരങ്ങള്‍.

തുടരെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ബൗളറായും കമ്മിന്‍സ് മാറി. 1999ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടരെ രണ്ട് മത്സരങ്ങളില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തിയ പാകിസ്ഥാന്‍ മുന്‍ നായകനും ഇതിഹാസ പേസറുമായ വസിം അക്രമാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്.

3 ദിവസത്തിനിടെ 2 ഹാട്രിക്ക്! കമ്മിന്‍സ് എഴുതിയ പുതു ചരിത്രം
ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം; ഓസീസിനെ 21 റണ്‍സിന് തകര്‍ത്തു; കമ്മിന്‍സിന്റെ ഹാട്രിക് പാഴായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com