'വീണ്ടും കണ്ടതില്‍ സന്തോഷം പോക്കറ്റ് റോക്കറ്റ് മാന്‍'- പന്തിനെ കെട്ടിപ്പിടിച്ച് സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് (വീഡിയോ)

ഇന്ത്യന്‍ ഡ്രസിങ് റൂമിലെത്തി സൂര്യകുമാര്‍ യാദവിനു മികച്ച ഫീല്‍ഡര്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു
Sir Vivian Richards hailed Rishabh Pant
വീഡിയോ സ്ക്രീന്‍ ഷോട്ട്

നോര്‍ത്ത് സൗണ്ട്: കാറപകടത്തെ തുടര്‍ന്നു ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്നു വിട്ടുനിന്ന ശേഷമുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിനെ അഭിനന്ദിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്. ഇന്ത്യന്‍ ഡ്രസിങ് റൂമിലെത്തി അദ്ദേഹം പന്തിനെ അഭിനന്ദിച്ചു. പന്തിനെ അടുത്തു വിളിച്ച് കെട്ടിപ്പിടിച്ചാണ് വിവിയന്‍ റിച്ചാര്‍ഡ്‌സ് തന്റെ സ്‌നേഹം അറിയിച്ചത്. മികച്ച ഫീല്‍ഡര്‍ക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കിടയില്‍ തന്നെ കൈമാറുന്ന അവാര്‍ഡ് സമ്മാനിക്കാനാണ് റിച്ചാര്‍ഡ്സ് എത്തിയത്.

ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ആ കളിയിലെ മികച്ച ഫീല്‍ഡിങ് പ്രകടനത്തിനു അവാര്‍ഡ് സമ്മാനിക്കുന്ന പതിവുണ്ട്. ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് മികച്ച ഫീല്‍ഡറായി തിരഞ്ഞെടുക്കപ്പെട്ടത്. പന്തിനും സൂര്യകുമാര്‍ യാദവിനും ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായി മാറി.

ടീം ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലിപാണ് അവര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരിലുള്ള നോര്‍ത്ത് സൗണ്ടിലെ സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം അരങ്ങേറിയത്. ഇന്ത്യ 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് കരീബിയന്‍ ഇതിഹാസം ഇന്ത്യന്‍ ഡ്രസിങ് റൂമിലെത്തിയത്. ബംഗ്ലാദേശ് ബാറ്റര്‍ ലിറ്റന്‍ ദാസിനെ പുറത്താക്കാന്‍ എടുത്ത ക്യാച്ചാണ് സൂര്യയെ അവാര്‍ഡിനര്‍ഹനാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

റിച്ചാര്‍ഡ്സിന്‍റെ വാക്കുകള്‍

'സുഹൃത്തുക്കളെ ആദ്യമേ തന്നെ പറയട്ടെ നിങ്ങള്‍ നന്നായി കളിച്ചു. എല്ലാ മേഖലകളിലും മെച്ചപ്പെട്ട പ്രകടനമാണ്. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക. അല്ലെങ്കില്‍ തന്നെ ഇത്രയും ശക്തരായി നില്‍ക്കുന്ന ഒരു ടീമിനോട് ഞാന്‍ ഇതില്‍ കൂടുതലായി എന്താണ് പറയേണ്ടത്.'

'ഞങ്ങളുടെ മണ്ണില്‍ ഇത്രയും വലിയൊരു പോരാട്ടം നടക്കുന്നു. മെറൂണ്‍ ജേഴ്‌സിയണിഞ്ഞു കളിക്കുന്ന ഒരുകൂട്ടം മനുഷ്യരുണ്ട്. അവരുടെ വിജയം തന്നെയാണ് എന്റെ ആദ്യ ആലോചന. അവര്‍ക്ക് അതു സാധ്യമായില്ലെങ്കില്‍, രണ്ടാമത് പിന്തുണ നിങ്ങള്‍ക്കാണ്. കരീബിയന്‍ മനുഷ്യന്‍ എന്ന നിലയില്‍ എനിക്ക് സാധിക്കുക അതല്ലേ. എന്താ അങ്ങനെയല്ലേ?'- ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് അദ്ദേഹം പറഞ്ഞു.

'പ്രിയപ്പെട്ട പന്ത് നിങ്ങള്‍ വീണ്ടും കളിക്കുന്നത് നേരില്‍ കണ്ടത് അങ്ങേയറ്റത്തെ സന്തോഷം തരുന്ന കാര്യമാണ്. വലിയൊരു അനുഭവം താണ്ടി വന്ന നിങ്ങളെ കണ്ടത് ആനന്ദിപ്പിക്കുന്നു. താങ്കള്‍ സ്വതസിദ്ധമായ ശൈലിയില്‍ ക്രിക്കറ്റ് കളിക്കുന്നത് ഇങ്ങനെ തന്നെ തുടരു. അതിനെ നന്നായി ഇഷ്ടപ്പെടു, ആസ്വദിക്കു. എന്തായാലും നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷമുണ്ട് പോക്കറ്റ് റോക്കറ്റ് മാന്‍. ഒരിക്കല്‍ കൂടി താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍'- റിച്ചാര്‍ഡ്‌സ് പന്തിനോടായി പറഞ്ഞു.

'ടീമിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും. ഒരിക്കല്‍ കൂടി പറയട്ടെ മെറൂണ്‍ ജേഴ്‌സിയണിഞ്ഞ ഞങ്ങളുടെ കുട്ടികള്‍ കിരീടം നേടിയില്ലെങ്കില്‍ എന്റെ പിന്തുണ നിങ്ങള്‍ക്കാണ്'- അദ്ദേഹം വ്യക്തമാക്കി.

Sir Vivian Richards hailed Rishabh Pant
ചില്ലറ ഞെട്ടല്‍ അല്ല, ഓസ്‌ട്രേലിയ പെട്ടു!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com