
ബാര്‍ബഡോസ്: ഫൈനല്‍ വരെ കാത്തു വച്ചതായിരുന്നു കോഹ്‌ലി. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വന്‍ തകര്‍ച്ചയിലേക്ക് വീണ ഇന്ത്യന്‍ സ്‌കോറിനെ ക്ഷമയുടെ ആള്‍രൂപമായി നിന്നു കോഹ്‌ലി പിടിച്ചുയര്‍ത്തിയ കാഴ്ച മനോഹരമായിരുന്നു. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 177 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സുയര്‍ത്തി.
ടൂര്‍ണമെന്റില്‍ ആദ്യമായി കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി. 59 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം കോഹ്‌ലി 76 റണ്‍സുമായി കൂടാരം കയറി.
കോഹ്‌ലിക്കൊപ്പം നിര്‍ണായക ബാറ്റിങുമായി അക്ഷര്‍ പട്ടേലും കളം വാണു. ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു ഉയര്‍ത്തി അക്ഷര്‍ പട്ടേല്‍ ക്രീസ് വിടുകയായിരുന്നു. താരം അര്‍ധ സെഞ്ച്വറിയുടെ വക്കില്‍ റണ്ണൗട്ടായി. മുന്‍നിരയെ തകര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ബൗളിങിനു നേരെ അക്ഷര്‍ അതിവേഗം പ്രത്യാക്രമണം നടത്തി. താരം 31 പന്തില്‍ നാല് സിക്‌സുകളും ഒരു ഫോറും സഹിതം 47 റണ്‍സെടുത്ത് ഇന്ത്യയെ 100 കടത്തിയാണ് മടങ്ങിയത്.
34 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തില്‍ ക്രീസിലെത്തിയാണ് അക്ഷര്‍ അവിസ്മരണീയ ബാറ്റിങുമായി കളം വാണത്. നിര്‍ഭാഗ്യം പക്ഷേ റണ്ണൗട്ട് രൂപത്തില്‍ താരത്തിന്റെ മനോഹര ബാറ്റിങ് തടഞ്ഞു. ടൂര്‍ണമെന്റില്‍ ആദ്യമായി കോഹ്‌ലി ഇന്ന് ക്രീസില്‍ ഉറച്ചു നിന്നതും ഇന്ത്യക്ക് തുണയായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ മിന്നല്‍ തുടക്കമിട്ടിട്ടും പൊടുന്നനെ പ്രതിരോധത്തിലേക്ക് വീണു. 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പുറത്തായി. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേശവ് മഹാരാജാണ് തുടക്കത്തില്‍ മിന്നലടികളോടെ തുടങ്ങിയെ ഇന്ത്യയെ അതിവേഗം പ്രതിരോധത്തിലേക്ക് തള്ളിയിട്ടത്. പിന്നാലെ പന്തെടുത്ത കഗിസോ റബാഡ സൂര്യകുമാറിനേയും മടക്കി ഇന്ത്യയെ ഞെട്ടിച്ചു.
ആദ്യ ഓവറില്‍ തന്നെ 15 റണ്‍സാണ് ഇന്ത്യ അടിച്ചത്. മൂന്ന് ഫോറുകളുമായി വിരാട് കോഹ്‌ലി ഒന്നാം ഓവര്‍ കത്തിച്ചു. പിന്നാലെ രോഹിതും തുടങ്ങി. തുടരെ രണ്ട് ബോണ്ടറികളുമായി കേശവ് മഹാരാജിനെ സ്വീകരിച്ച രോഹിത് പക്ഷേ നാലാം പന്തില്‍ ക്ലാസനു ക്യാച്ച് നല്‍കി മടങ്ങി. 5 പന്തില്‍ 9 റണ്‍സായിരുന്നു രോഹിത് നേടിയത്.
പിന്നാലെ ഋഷഭ് പന്തിനെ കേശവ് മഹാരാജ് മടക്കി. പൂജ്യത്തിനാണ് പന്തിന്റെ മടക്കം. സൂര്യകുമാറിനെ റബാഡ ഔട്ടാക്കി. താരം 3 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.
പിന്നീടാണ് കോഹ്‌ലി- അക്ഷര്‍ സഖ്യം ടീമിനെ പൊരുതാവന്ന അവസ്ഥയിലേക്ക് നയിച്ചത്. ശിവം ദുബെ 16 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യ 5 റണ്‍സുമായി പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ 2 റണ്ണുമായി പുറത്തായി. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണത് കുറച്ചു കൂടി റണ്‍സെടുക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനു തിരിച്ചടിയായി.
ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കഗിസോ റബാഡ, മാര്‍ക്കോ ജാന്‍സന്‍, അന്റിച് നോര്‍ക്യെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക